തിങ്കളാഴ്‌ച, നവംബർ 30, 2009

ചേട്ടന്‍ ബാവ അനിയന്‍ ബാവ



കേരളമൊന്ന്‌ വികസിച്ചോട്ടെ എന്ന്‌ വിചാരിച്ച്‌ വല്ലതും ചെയ്യാന്‍ പുറപ്പെട്ടാല്‍ അപ്പോള്‍ തുടങ്ങും വിമര്‍ശനവും അഴിമതിയാരോപണവുമൊക്കെ. ആര്‍ക്കാണ്‌ മനസ്സ്‌ മടുക്കാതിരിക്കുക. ഏറ്റവും ഒ'ടുവിലിതാ, കുറച്ച്‌ കടലിനെ വികസിപ്പിച്ച്‌ കരയാക്കിക്കളയാമെന്ന്‌ ആലോചിക്കാന്‍ തുടങ്ങും മുമ്പ്‌ വികസനവിരുദ്ധന്മാര്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നു. ഈ തോതില്‍ പോയാല്‍ കേരളമുണ്ടാക്കിയ പരശുരാമന്‍ വിചാരിച്ചാലും കേരളത്തെ രക്ഷിക്കാനാവില്ല.


കടല്‍ നികത്തിയതിന്‌ ആരെയെങ്കിലും ശിക്ഷിക്കുന്നുണ്ടെങ്കില്‍ പരശുരാമനെ വേണം ആദ്യം ശിക്ഷിക്കാന്‍. മുപ്പത്തെട്ടായിരം ചതുരശ്ര കിലോമീറ്റര്‍ കടല്‍ നികത്തിയാണ്‌ പരിസ്ഥിതിവിരുദ്ധ റിയല്‍ എസ്റ്റേറ്റ്‌ ലോബിക്കാരനായ ആ കക്ഷി കേരളം സൃഷ്‌ടിച്ചത്‌. പരിസ്ഥിതി ലംഘനത്തിനുള്ള ലോകചരിത്രത്തിലെ ആദ്യകേസ്‌ പുള്ളിക്കാരന്റെ പേരിലാണ്‌ എടുക്കേണ്ടിയിരുന്നതെന്ന അഭിപ്രായം വ്യവസായ മന്ത്രി എളമരം കരീമിനുണ്ട്‌. മഴുവെറിഞ്ഞപ്പോള്‍ കടല്‍ ഇറങ്ങിപ്പോയി കര ഉയര്‍ന്നുവന്നതാവാനിടയില്ല. തമിഴ്‌നാട്ടില്‍ നിന്നോ മറ്റോ മണ്ണിറക്കി നികത്തിയതാവാനേ തരമുള്ളൂ എന്നാണ്‌ കരീം കരുതുന്നത്‌. അറബിക്കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക്‌ അതുണ്ടാക്കിയ ദ്രോഹം ചില്ലറയൊന്നുമാവില്ല. ആ വിഷയത്തില്‍ ഒരു നടപടിക്കും സന്നദ്ധരല്ലാത്ത ആളുകളാണ്‌ വെറും അയ്യായിരം ഹെക്ടര്‍ കടല്‍ തിരുവനന്തപുരത്ത്‌ നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുക മാത്രം ചെയ്‌ത സര്‍ക്കാര്‍ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. പടച്ചോന്‍ പൊറുക്കില്ല കേട്ടോ.

ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. ഇക്കാര്യത്തില്‍ അണുവിട അഭിപ്രായവ്യത്യാസം യു.ഡി.എഫിനില്ല. മുന്‍ സര്‍ക്കാറിലെ എളമരം കരീമായിരുന്ന കുഞ്ഞാലിക്കുട്ടിക്ക്‌ ഒട്ടുമില്ല ഭിന്നത. കോഴിക്കോട്ടൊരു വികസനസെമിനാറില്‍ എളമരം കരീമും കുഞ്ഞാലിക്കുട്ടിയും കണ്ടുമുട്ടിയപ്പോള്‍ അന്ന്‌ കുഞ്ഞാലിക്കുട്ടിയനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോര്‍ത്ത്‌ എളമരം കരീമും ഇന്ന്‌ എളമരം കരീം നേരിടുന്ന കഷ്‌ടപ്പാടിനെക്കുറിച്ചോര്‍ത്ത്‌ കുഞ്ഞാലിക്കുട്ടിയും കണ്ണീര്‍വാര്‍ക്കുന്നതിന്റെ വക്കുവരെയെത്തി. കേരളത്തെ വികസിപ്പിക്കാന്‍വേണ്ടി അനുഭവിക്കുന്ന ത്യാഗങ്ങള്‍ അന്യോന്യം പങ്കുവെച്ച്‌ അവര്‍ നെടുവീര്‍പ്പിട്ടു. പരശുരാമന്‌ പാറ്റന്റ്‌ കൊടുക്കേണ്ട ആശയമാണ്‌ കടല്‍നികത്തുകയെന്നത്‌. ഭൂഗോളത്തിലേറെയും കടലാണെന്ന്‌ കണ്ടാവും അന്ന്‌ അതുചെയ്‌തത്‌. ആ മാതൃകയില്‍ അയ്യായിരം ഹെക്ടര്‍ കൂടി നികത്തി ഫ്‌ളാറ്റോ ഷോപ്പിങ്‌ കോംപ്ലകേ്‌സാ നിര്‍മിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? നികത്താന്‍ തീരുമാനിച്ചിട്ടൊന്നുമില്ല. നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനുള്ള എം.ഒ. യു. ഒപ്പുവെക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെക്കുന്നതിനുമുമ്പായുള്ള വിദഗ്‌ധപഠനത്തിന്റെ റിപ്പോര്‍ട്ട്‌ വന്നിട്ടേയുള്ളൂ. അപ്പോഴേക്കും വിവാദവ്യവസായത്തിന്റെ പുതിയ യൂണിറ്റിന്‌ തറക്കല്ലിട്ടു. എങ്ങനെ നന്നാകും ഈ സംസ്ഥാനം എന്നാണ്‌ കരീം ചോദിച്ചതും അതുകേട്ട്‌ കുഞ്ഞാലിക്കുട്ടി തലകുലുക്കിയതും.

കടലില്‍ നിന്ന്‌ മണലെടുത്ത്‌ കേരളത്തിലെ മണല്‍ക്ഷാമം പരിഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു കുഞ്ഞാലിക്കുട്ടി. ആരുടെയോ കരിമണല്‍ ക്ഷാമമാണ്‌ പരിഹരിക്കാന്‍ പോകുന്നതെന്ന്‌ പറഞ്ഞാണ്‌ ചിലര്‍ അന്ന്‌ പദ്ധതിക്ക്‌ പാര പണിതത്‌. എല്‍.ഡി.എഫുകാരല്ല, യു.ഡി.എഫുകാര്‍തന്നെ. വേറെയൊരു പദ്ധതിയിട്ടപ്പോള്‍ വെള്ളം കട്ടുവില്‍ക്കുന്ന കള്ളന്മാരെന്ന്‌ മുറവിളികൂട്ടി ദുഷ്‌ടന്മാര്‍ അതും മുടക്കി. അനേകായിരം കോടിയുടെ സ്വപ്‌നസദൃശ പദ്ധതികള്‍ സ്വപ്‌നമായിത്തന്നെ നിലനിര്‍ത്തിയതിലുള്ള സന്തോഷം കൊണ്ടാവണം, ഇത്തവണ നിയമസഭയില്‍ പോയി കഷ്‌ടപ്പെടാതെ വീട്ടില്‍ വിശ്രമിച്ചേതീരൂ എന്ന്‌ കേരളീയര്‍ കുഞ്ഞാലിക്കുട്ടിയെ നിര്‍ബന്ധിച്ചത്‌. അദ്ദേഹത്തിന്‌ അതില്‍ പരിഭവമൊട്ടുമില്ല. അതുകൊണ്ട്‌ സ്വഭാവമൊക്കെ എത്ര നന്നായെന്നോ. ഒരു കാര്യത്തിലദ്ദേഹത്തിന്‌ ആശ്വാസമുണ്ട്‌. താനും യു.ഡി.എഫും അധികാരത്തില്‍ നിന്നിറങ്ങിയാല്‍ സ്വപ്‌നപദ്ധതികളെല്ലാം ചുകപ്പന്‍ മാര്‍ക്‌സിസ്റ്റ്‌ മന്ത്രിമാര്‍ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഇപ്പോള്‍ ആ ഭയമില്ല. പദ്ധതികള്‍ ഒന്നൊന്നായി ഇടതുപക്ഷ വ്യവസായവകുപ്പ്‌ ഏറ്റെടുക്കുന്നുണ്ട്‌. ഈ കടല്‍ നികത്തല്‍ പരിപാടി തന്നെ നോക്കൂ. യു.ഡി.എഫ്‌. ഭരണകാലത്ത്‌ കൊട്ടിഗ്‌ഘോഷിച്ച ജിം പദ്ധതിയിലൊന്നായിരുന്നു അത്‌. പാവങ്ങളുടെ കുഞ്ഞാലിക്കുട്ടിയാണ്‌ എളമരം കരീം എന്ന്‌ ചില ആളുകള്‍ പറയുന്നത്‌ നല്ല അര്‍ഥത്തില്‍ തന്നെയാണ്‌ കേട്ടോ.


മൂലധന നിക്ഷേപകരുടെ ചെറിയ ഒരാവശ്യം നിറവേറ്റാന്‍ മന്ത്രി കരീം ശ്രമിക്കുന്നുണ്ട്‌. മന്ത്രിസഭ ഇടയ്‌ക്കിടെ മാറുന്നതിലൊന്നും മൂലധന ഉടമകള്‍ക്ക്‌ ഒരു വിഷമവുമില്ല. നല്ല രസമല്ലേ, വേണമെങ്കില്‍ കൊല്ലംതോറും മന്ത്രിസഭ മാറ്റിക്കളിക്കട്ടെ. പക്ഷേ, മന്ത്രിസഭയ്‌ക്കൊപ്പം നയം മാറരുത്‌. നയം മാറ്റുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ്‌ മന്ത്രിസഭയെ മാറ്റുന്നതെന്ന്‌ ജനം ചോദിച്ചുകൂടായ്‌കയില്ല. അത്‌ അവരുടെ പ്രശ്‌നം. മുന്നണി മാറുന്നതിനൊത്ത്‌ നയം മാറുന്നതെന്തിന്‌ എന്നാണ്‌ കരീം ചോദിക്കുന്നത്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു ഗുണമുണ്ട്‌. ഏത്‌ പാര്‍ട്ടി വന്നാലും നയം മാറില്ല. കുത്തകകളുടെ കാലുതിരുമ്മുകയാണല്ലോ അവരുടെ മുഖ്യ ഉപജീവനനയം. തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക്‌ അങ്ങനെ പറ്റില്ലെന്നതൊക്കെ പഴയ സങ്കല്‌പം. ഇക്കാലത്ത്‌ അതും പറഞ്ഞിരുന്നാല്‍ പറ്റില്ല. നമ്മളും നയം മാറ്റരുത്‌. ആദ്യം മുതലാളിത്തം തഴച്ചുവളരട്ടെ. പിണ്ണാക്കും വെള്ളവും കൊടുക്കണം. അവറ്റ കൊഴുത്തുവന്നിട്ടുവേണം പിടിച്ചുകെട്ടി സോഷ്യലിസം സ്ഥാപിക്കാന്‍.


വ്യവസായമന്ത്രിസ്ഥാനത്തിരുന്ന്‌ പറയുന്നത്‌ പ്രതിപക്ഷത്ത്‌ എത്തിയാലും പറയുമോ എന്നൊരു ക്രൂരചോദ്യം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കരീമിനോട്‌ ചോദിച്ചതായി വ്യവസായ സെമിനാറില്‍ കരീം തന്നെ വെളിപ്പെടുത്തി. ഇതാണ്‌ രാഷ്ട്രീയപ്രേരിത ചോദ്യം എന്നുപറയുന്നത്‌. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന്‌ ഒരേകാര്യം പറയാന്‍ കരീമിന്‌ പ്രയാസമില്ല, പാര്‍ട്ടിയതുതന്നെ പറയുമോ എന്ന്‌ കരീമിനും ഉറപ്പില്ല. അതുറപ്പിക്കാന്‍ ഒരുവഴിയേ ഉള്ളൂ. പാര്‍ട്ടിയെ എല്ലായ്‌പ്പോഴും ഭരണകക്ഷിയായി നിലനിര്‍ത്തുക. എന്തുകൊണ്ടുപാടില്ല? നയം മാറ്റിയെന്ന പരാതി പിന്നെയുണ്ടാവില്ലല്ലോ.


യു.ഡി.എഫിന്റെ ജിം പദ്ധതികളെ ഒന്നൊന്നായി പാര്‍ട്ടി ചീന്തിയെറിഞ്ഞിട്ടുമുണ്ട്‌, ചിലതിന്‌ ക്രമേണ ജീവന്‍വെപ്പിച്ചിട്ടുമുണ്ട്‌. നാളെ പ്രതിപക്ഷത്തായാല്‍ എന്തുചെയ്യണമെന്ന്‌ ഇപ്പോള്‍ തീരുമാനിക്കാനാവില്ല. ഇതെല്ലാം യു.ഡി.എഫിനും ബാധകമാണ്‌. �\'രുകാര്യത്തില്‍ പക്ഷേ, സി.പി.എമ്മിനാണ്‌ ഉറച്ച നയമുള്ളത്‌. ഹര്‍ത്താല്‍, ബന്ദ്‌ കാര്യത്തില്‍ �\'ട്ടും വിട്ടുവീഴ്‌ചയില്ല. ഭരണത്തിലായാലും പുറത്തായാലും ഹര്‍ത്താല്‍ വിട്ടൊരു വികസനത്തിനും സി.പി.എമ്മില്ല. യു.ഡി.എഫുകാര്‍ ഭരിക്കുമ്പോള്‍ കടുത്ത ഹര്‍ത്താല്‍ വിരുദ്ധരാണ്‌. പ്രതിപക്ഷത്തെത്തിയാല്‍ തക്കാളിപ്പനി, ചിക്കുന്‍ഗുനിയ, വെള്ളപ്പൊക്കം, പേമാരി എന്നിവയ്‌ക്കെതിരെപോലും ഹര്‍ത്താല്‍ നടത്തും.



യു.ഡി.എഫിന്റെ എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതിയെ പ്രതിപക്ഷത്തിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ എതിര്‍ത്തുകൊന്നതെന്ന്‌ കരീമിന്‌ നല്ല ഒര്‍മയുണ്ട്‌. ഹൈവേ വന്നാല്‍ അതിനപ്പുറത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ കഴിയാതാവും എന്നുപോലും പറഞ്ഞാണ്‌ അതിനെ എതിര്‍ത്തതെന്ന്‌ കരീം ഒര്‍ക്കുന്നു. കേരളത്തെ രണ്ടായി പിളര്‍ക്കുന്ന വന്‍മതിലാകും ഹൈവേ എന്ന്‌ വേറെ ചിലര്‍ ആക്രോശിച്ചു. ഹൈവേ പോയ വഴിയില്‍ പുല്ലുമുളച്ചില്ല. പ്രതിപക്ഷത്തിരുന്ന്‌ പറഞ്ഞത്‌ ഭരിക്കുമ്പോഴും പറയുന്നത്‌ അത്ര നല്ല കാര്യമൊന്നുമല്ല. എക്‌സ്‌പ്രസ്‌ ഹൈവേ വേണം. പേരിന്റെ കാര്യത്തില്‍ ഒരു വാശിയുമില്ല. ആര്‍ക്കുണ്ട്‌ അഭിപ്രായവ്യത്യാസം ?

                                                 ****

മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്യാദകളെല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക്‌ മാത്രമാണ്‌ ബാധകം. സത്യം എഴുതുക, വസ്‌തുനിഷ്‌ഠമാവുക, സ്വതന്ത്രനിലപാടെടുക്കുക, നിഷ്‌പക്ഷത പുലര്‍ത്തുക തുടങ്ങിയതെല്ലാം ബൂര്‍ഷ്വാ മാധ്യമ മൂല്യങ്ങളാണ്‌. പാര്‍ട്ടിപത്രങ്ങള്‍ക്ക്‌ അതൊന്നും വേണ്ട. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ എന്ത്‌ പച്ചക്കള്ളവും എഴുതാം. ആരെയും എങ്ങനെയും അപമാനിക്കാം. എഴുതിയതൊന്നും സത്യമല്ലല്ലോ എന്ന്‌ ചൂണ്ടിക്കാട്ടിയാല്‍ വായനക്കാര്‍തന്നെ പറയും- \'\അതുപിന്നെ പാര്‍ട്ടിപ്പത്രമല്ലിയോ, അങ്ങനെയല്ലാതെ എഴുതുമോ.....\'\'. ശരിയാണ്‌. മാന്യര്‍ക്കെതിരെയേ അപഖ്യാതി പറയാനാവൂ. മറ്റേ കൂട്ടര്‍ക്ക്‌ എവിടെയും ചെന്നുകിടക്കാം.


എഴുത്തുകൊണ്ടുമാത്രം വലിയ കാര്യമൊന്നുമില്ല. പുതിയ വഴികള്‍ തേടണം. എതിര്‍ പത്രങ്ങളില്‍ വരുന്നതിന്‌ മറുപടി എഴുതുകയും അവരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയുമായിരുന്നു പഴയ രീതി. പഴഞ്ചന്‍രീതി. ഇപ്പോള്‍ അതുമാറുകയാണ്‌. രാവിലെ പത്രങ്ങള്‍ വായിച്ച ഉടനെ, പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ എഴുതിയവരുടെ നമ്പറുകള്‍ തപ്പിയെടുക്കുക. �\"രോരുത്തര്‍ക്കുമുള്ള വഹ ഫോണില്‍ കൊടുക്കുക. മുഖ്യമന്ത്രിയെക്കുറിച്ച്‌ എഴുതിക്കോട്ടെ സാരമില്ല. അതുപോലെയാണോ പിണറായി വിജയനെക്കുറിച്ചെഴുതുന്നത്‌? മന്ത്രി തോമസ്‌ ഐസക്കിനെക്കുറിച്ച്‌ എഴുതുന്നത്‌? കാലൊടിക്കും, തലവെട്ടും, മീശ വടിക്കും തുടങ്ങിയ ഭീഷണികളാണ്‌ പത്രത്തില്‍ നിന്ന്‌ പുറപ്പെടുന്നത്‌.

ഇതൊരു ആദ്യപടി മാത്രമാവും. അടുത്ത ഘട്ടത്തില്‍ കാലൊടിക്കാനും തലവെട്ടാനും മീശ വടിക്കാനും പത്രാധിപന്മാര്‍ നേരിട്ട്‌ ഇറങ്ങിപ്പുറപ്പെട്ടുകൂടായ്‌കയില്ല. ഇതിനായി പുതിയ തസ്‌തിക പത്രത്തില്‍ സൃഷ്‌ടിക്കുന്നതാണ്‌ - അസോസിയേറ്റ്‌ എഡിറ്റര്‍ (ക്വട്ടേഷന്‍).



                                                               *****

ഗാന്ധിയന്‍ അഹിംസാപാര്‍ട്ടിയുടെ മുഖപത്രത്തിന്‌ ഇത്രത്തോളം പോകാന്‍ ഈ ജന്മത്ത്‌ ശേഷിയുണ്ടാവില്ല. കഷ്‌ടിച്ച്‌ നിന്നുപിഴയ്‌ക്കുന്നുവെന്നേ ഉള്ളൂ. എല്ലാവരും തേങ്ങയുടയ്‌ക്കുമ്പോള്‍ �\'രു ചിരട്ടയെങ്കിലും രാജ്യത്തിന്റെ ഭരണകക്ഷി ഉടയ്‌ക്കണമല്ലോ. പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയില്‍ എഴുത്ത്‌, വായന തുടങ്ങിയ ദുഃസ്വഭാവങ്ങളുള്ളവര്‍ കുറവായതുകൊണ്ട്‌ പത്രമില്ലെങ്കിലും വലിയ ദോഷമില്ല. എന്തെഴുതിയാലും ആരും മൈന്‍ഡ്‌ ചെയ്യാറുമില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ അറിയിക്കാനെങ്കിലും വല്ലതും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ കഴിഞ്ഞ ദിവസമൊരു വെടി പൊട്ടിച്ചത്‌. പാര്‍ട്ടി സസ്‌പെന്‍ഡ്‌ചെയ്‌ത ആളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമോ എന്ന്‌ പാര്‍ട്ടി തീരുമാനിക്കുംമുമ്പ്‌ വേണ്ട എന്ന്‌ പാര്‍ട്ടിപത്രം തീരുമാനമെടുത്തു. ആ ആള്‍ക്കെതിരെ സാമാന്യം അമാന്യമായി ആഞ്ഞടിക്കുകയും ചെയ്‌തു. എന്നെയൊന്ന്‌ പാര്‍ട്ടിയിലെടുക്കൂ എന്ന്‌ കരഞ്ഞുനടക്കുന്ന ആളെക്കൊണ്ട്‌, ഞാന്‍ വരുന്നില്ലേ എന്ന്‌ പറയിക്കുകയാവും ഉദ്ദേശ്യം. അതിന്‌ ആളെ വേറെ നോക്കണം. മാലിന്യം, ശവം, വിഷം, അമേധ്യം, പട്ടി തുടങ്ങിയ വിശിഷ്‌ടപദങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്‌. പാര്‍ട്ടിയില്‍ വന്നാല്‍ കിട്ടുന്നതിന്റെ ഒരു സാമ്പിള്‍ മാത്രം. മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹത്തിന്‌ മുന്നില്‍ വെച്ച്‌ കാട്ടിക്കൂട്ടിയ കാടത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതെത്ര മാന്യം എന്ന്‌ സമാധാനിക്കാം.



indran.npr@gmail.com
അട്ടിമറി ജൂബിലി




അറുപത്തിരണ്ടു വര്‍ഷമായി ജനാധിപത്യ ധ്വംസനം നടത്തിവരുന്ന കോണ്‍ഗ്രസ്സിന്റെ ആദ്യകാല ധ്വംസനങ്ങളില്‍ ഏറ്റവും നിഷ്‌ഠുരം 1957ലെ കേരളമന്ത്രിസഭയെ പിരിച്ചുവിട്ട നടപടിയാണല്ലോ. ആ ചരിത്രപ്രസിദ്ധ അട്ടിമറിയുടെ സുവര്‍ണജൂബിലി കുറച്ച്‌ ദിവസമായി ഒരോരുത്തര്‍ വേലിയുടെ ഏത്‌ ഭാഗത്ത്‌ നില്‍ക്കുന്നു എന്നതിനനുസരിച്ച്‌ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്‌തുവരുന്നുണ്ട്‌. അന്നു ജീവിച്ചിരുന്നവര്‍ ഏതാണ്ട്‌ എല്ലാവരും അതിനെക്കുറിച്ച്‌ ലേഖനമെഴുതിക്കഴിഞ്ഞു. ഒന്നുകൂടിയായാല്‍ ദോഷമൊന്നും വരില്ല.


ഇപ്പോഴത്തെ ഘോഷം കേട്ടാല്‍ ചില അബദ്ധധാരണകള്‍ പില്‍ക്കാല തലമുറകള്‍ക്കുണ്ടായേക്കും. ഒരു സംസ്ഥാനമന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുന്ന ആദ്യസംഭവമായിരുന്നു അതെന്നത്‌ സത്യം തന്നെ. പക്ഷേ, സംസ്ഥാനമന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട ഏക സംഭവം അതാണെന്നൊന്നും ആരും ധരിച്ചേക്കരുത്‌. ബഹളം കേട്ടാല്‍ അങ്ങനെ തോന്നിക്കൂടായ്‌കയില്ല. 1987 ല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിച്ച സര്‍ക്കാരിയ കമ്മീഷന്‍ പറഞ്ഞത്‌ അതിനകം നൂറ്റിപ്പതിനൊന്നുവട്ടം കേന്ദ്രം സംസ്ഥാന മന്ത്രിസഭകളെ ശരിയായും തെറ്റായുമെല്ലാം പിരിച്ചുവിട്ടിട്ടുണ്ട്‌ എന്നാണ്‌. ഇരുപത്തഞ്ചെണ്ണത്തെ ചൊല്ലിയെങ്കിലും കേസും കൂട്ടവുമുണ്ടായിട്ടുണ്ട്‌. 1959 ലെ പിരിച്ചുവിടല്‍ ട്രയല്‍ മാത്രമായിരുന്നു എന്നര്‍ഥം. കൊല്ലം ശരാശരി രണ്ടേമുക്കാല്‍ മന്ത്രിസഭകളെ പിരിച്ചുവിട്ടിട്ടുണ്ട്‌. അതിലേറെയും ചെയ്‌തത്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ തന്നെ. വേറൊരു തെറ്റിദ്ധാരണയും ഉണ്ടാകാനിടയുണ്ട്‌. പട്ടാളവിപ്ലവം പോലെയെന്തോ ഭരണഘടനാവിരുദ്ധ അട്ടിമറിയാണ്‌ പിരിച്ചുവിടലെന്നതാണ്‌. അതൊരു \'കൂദീത്ത\' യൊന്നുമായിരുന്നില്ല. തികച്ചും ഭരണഘടനാനുസൃതമായ അട്ടിമറിയായിരുന്നു. സംസ്ഥാനസര്‍ക്കാറിനെക്കൊണ്ട്‌ പൊറുതി മുട്ടിയാല്‍ കേന്ദ്രത്തിന്‌ ടിയാനെ പിരിച്ചയയ്‌ക്കാം. അതിനുവകുപ്പുണ്ട്‌. ആ വ്യവസ്ഥ ഭരണക്കാര്‍ ഭേദഗതിയിലൂടെ തിരുകിക്കേറ്റിയതൊന്നുമല്ല. അംബേദ്‌കറുടെ കരടില്‍ തന്നെയതുണ്ടായിരുന്നു. ആ വകുപ്പ്‌ ചേര്‍ക്കുന്നത്‌ അപകടമല്ലേ എന്ന്‌ ഭരണഘടനാ നിര്‍മാണസഭയില്‍ ചിലര്‍ ചോദിച്ചപ്പോള്‍, ഹേ ന്നും പേടിക്കാനില്ല, ആ വകുപ്പ്‌ ചത്ത വാക്കായി (ഡെഡ്‌ ലെറ്റര്‍) ഭരണഘടനയില്‍ കിടന്നുകൊള്ളുമെന്നും ആരുമത്‌ ദുരുപയോഗപ്പെടുത്തില്ലെന്നുമാണ്‌ അംബേദ്‌കര്‍ മറുപടി പറഞ്ഞത്‌. പറന്നുവെട്ടുന്ന വക്കീലൊക്കെയായിരുന്നെങ്കിലും ആളൊരു ശുദ്ധഗതിക്കാരനായിരുന്നു എന്നുസാരം.


ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതിലുള്ള ധാര്‍മികരോഷം കാരണം കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാലത്ത്‌ ഒരു സംസ്ഥാനത്തും വിമോചനസമരങ്ങളെയോ പിരിച്ചുവിടലുകളെയോ പിന്തുണയ്‌ക്കാന്‍ കൂട്ടാക്കിയില്ല എന്നൊന്നും ധരിച്ചേക്കരുത്‌. ജനവിരുദ്ധഭരണം നടത്തുന്ന ആരെയും താഴെയിറക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നതാണ്‌ ശരിയായ ജനാധിപത്യ തത്ത്വമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌. 1975 ല്‍ ബിഹാറിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറിനെ താഴെയിറക്കാന്‍ ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ സമ്പൂര്‍ണവിപ്ലവസമരം അത്തരത്തിലൊന്നായിരുന്നു. നല്ലൊരു ജാഥ നടത്താന്‍തന്നെ അവിടെ പാര്‍ട്ടിക്ക്‌ ശേഷിയില്ലായിരുന്നെങ്കിലും ആകാവുന്ന തോതില്‍ സി.പി.എമ്മും ആ വിപ്ലവത്തെ സമ്പൂര്‍ണമായി പിന്തുണച്ചിരുന്നു. \'\'ജനവിശ്വാസം നഷ്‌ടപ്പെട്ട, ജനകീയാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന\'\' സര്‍ക്കാറിനെ പിരിച്ചുവിടുക എന്നതായിരുന്നു മുഖ്യമുദ്രാവാക്യം. കേരളത്തില്‍ വിമോചനസമരക്കാര്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യം തന്നെ. പക്ഷേ, രണ്ടും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്‌. കേരളത്തിലേത്‌ ജനകീയ കമ്യൂണിസ്റ്റ്‌ ഭരണമായിരുന്നു, ഗുജറാത്ത്‌, ബിഹാര്‍ സംസ്ഥാനങ്ങളിലേത്‌ ജനവിരുദ്ധകോണ്‍ഗ്രസ്‌ ഭരണമായിരുന്നു. പിരിച്ചുവിടല്‍ ആവശ്യപ്പെട്ട്‌ അവയ്‌ക്കെതിരെ സമരം നടത്താം. വിമോചനസമരം എന്ന്‌ പേരിടരുതെന്നുമാത്രം. ഇതിനോടൊന്നും സി.പി.ഐ.ക്ക്‌ യോജിപ്പുണ്ടായിരുന്നില്ലെന്ന്‌ വേറെ കാര്യം. ഗുജറാത്ത്‌ - ബിഹാര്‍ പ്രക്ഷോഭങ്ങളെ അവര്‍ ഫാസിസമായിട്ടാണ്‌ കണ്ടിരുന്നത്‌. അവര്‍ അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന മുന്തിയ സോവിയറ്റ്‌ നിര്‍മിത കണ്ണടയുടെ ദോഷമായിരുന്നു അത്‌.


ഏറ്റവും കൂടുതല്‍ സംസ്ഥാനമന്ത്രിസഭകള്‍ പിരിച്ചുവിട്ട ആള്‍ക്ക്‌ വല്ല അവാര്‍ഡും ഉണ്ടായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിക്കാണ്‌ അത്‌ കിട്ടുക. ഇ.എം.എസ്‌. മന്ത്രിസഭയെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത്‌ അന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ഈ പ്രിയപുത്രിയാണെന്ന അപവാദവും പ്രാബല്യത്തിലുണ്ട്‌. എന്തായാലും, ഇന്ദിരാഗാന്ധിയുടെ എല്ലാ പിരിച്ചുവിടലുകളെയും ഫാസിസ്റ്റ്‌ വിരുദ്ധ നടപടിയെന്ന നിലയ്‌ക്ക്‌ സി.പി.ഐ. പിന്തുണച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴേ അവര്‍ക്ക്‌ അക്കാര്യത്തില്‍ മനഃമാറ്റമുണ്ടായുള്ളൂ. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷംവന്ന ജനതാസര്‍ക്കാര്‍ ഗവര്‍ണര്‍മാരുടെ ശുപാര്‍ശക്കത്ത്‌ പോലുമില്ലാതെ ഒമ്പതുനിയമസഭകള്‍ ദറ്റയടിക്ക്‌ പിരിച്ചുവിടുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ആറുവര്‍ഷമാക്കിയതിന്റെ ബലത്തില്‍ സ്ഥാനത്തുതുടര്‍ന്നവയാണ്‌ അന്ന്‌ പിരിച്ചുവിടപ്പെട്ട മന്ത്രിസഭകളേറെയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവിടങ്ങളിലെ ഭരണകക്ഷി തോറ്റുതുന്നംപാടുകയും ചെയ്‌തിരുന്നു. ഒമ്പതുമന്ത്രിസഭകളെ ജനതാസര്‍ക്കാര്‍ നിഷ്‌ഠുരമായി അട്ടിമറിച്ചെന്നാണ്‌ കോണ്‍ഗ്രസ്സുകാര്‍ വിലപിച്ചത്‌. അത്‌ കേസ്‌ വേറെയാണ്‌, പെന്‍ഷന്‍പ്രായം കഴിഞ്ഞിട്ടും പോകാതിരുന്നവരെയാണ്‌ പറഞ്ഞുവിട്ടത്‌.


സി.പി.ഐ.ക്കാരും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍ യോജിപ്പുള്ള ഒരു സംഗതിയുണ്ട്‌-നൂറ്റൊന്നു ശതമാനം ജനാധിപത്യപരമായി ഭരണം നടത്തുകയായിരുന്ന മന്ത്രിസഭയെ ആണ്‌ 1959 ല്‍ കേന്ദ്രം അകാരണമായി പിരിച്ചുവിട്ടത്‌. യോഗ്യന്മാരായ കുറെ മന്ത്രിമാരുണ്ടായിരുന്നുവെങ്കിലും ഭരണമൊക്കെ രുവകയായിരുന്നുവെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെയാണ്‌ ജനം സമരത്തിനിറങ്ങിയതും. പോലീസ്‌ വെടിവെപ്പിന്റെയും വെടിവെപ്പിലെ മരണത്തിന്റെയും കാര്യത്തില്‍ സര്‍വകാല റെക്കോഡ്‌ ആ മന്ത്രിസഭയുടേതായിരുന്നു. \'\'അച്യുതമേനോന്‍ അറുകൊല മേനോ\'\'നെന്ന സി.പി.എമ്മുകാര്‍ പില്‍ക്കാലത്ത്‌ മുദ്രാവാക്യം വിളിച്ച ഭരണത്തിനോ കരിങ്കാലി കരുണാകരന്റെ കൊടുംക്രൂര ഭരണത്തിനോ അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. ചുരുങ്ങിയ കാലത്തിനിടയ്‌ക്ക്‌ മൂന്നു ആഭ്യന്തരമന്ത്രിമാര്‍ വേണ്ടിവന്നു എന്നറിഞ്ഞാല്‍ത്തന്നെ മനസ്സിലാകും അന്നത്തെ ക്രമസമാധാനത്തിന്റെ നിലവാരം.



ഒരുവിധമാണെങ്കില്‍ ഒരുമന്ത്രിസഭയെ - അതും കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ- നെഹ്‌റു പിരിച്ചുവിടുമായിരുന്നില്ലെന്നാണ്‌ പഴയ ആളുകള്‍ കരുതുന്നത്‌. മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളെല്ലാം പട്ടാളത്തിന്റെയും ഏകാധിപതികളുടെയും പിടിയിലായപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ത്തിയതില്‍ മുഖ്യപങ്കുവഹിച്ചത്‌ നെ\'ുവായിരുന്നുവല്ലോ. ചൈനയുമായും സോവിയറ്റ്‌ യൂണിയനുമായും മൂപ്പര്‍നല്ല ലോഗ്യത്തിലായിരുന്നു. കൃഷ്‌ണമേനോനെപ്പോലുള്ള കടുത്ത അമേരിക്കാവിരുദ്ധര്‍ അടുക്കളകാബിനറ്റില്‍ ഉണ്ടായിരുന്നുതാനും. നെഹ്‌റു
സാമ്രാജ്യത്വദാസനാണെന്ന്‌ അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടുമില്ല. പിരിച്ചുവിട്ടുകൊടുക്കുക വഴി നെ\'ു ഇ.എം.എസ്സിനെ തടിയൂരാന്‍ സഹായിക്കുകയായിരുന്നുവെന്ന്‌ കരുതുന്നവരുമുണ്ട്‌.


അമേരിക്കക്കാര്‍ കേരളത്തില്‍ തുരപ്പന്‍പണിയെടുത്തിരുന്നുവെന്നത്‌ സത്യംതന്നെ. റഷ്യയിലെയും ചൈനയിലെയും കി.യൂറോപ്പിലെയും പോലെ കേരളത്തിലും കേരളം വഴി ഇന്ത്യയിലാകെയും പിന്നെ ഏഷ്യയിലെങ്ങും കമ്യൂണിസ്റ്റ്‌ ഭരണം വരുമെന്ന്‌ ഉറക്കത്തില്‍ കണ്ടാണ്‌ അവര്‍ ഞെട്ടിത്തരിച്ചത്‌. കുറച്ചുകാലംകൂടി ഭരിക്കാന്‍ ചുമ്മാ വിട്ടിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ്‌ ആ ഭരണം സ്വയമേവ അവസാനിക്കുമായിരുന്നു എന്ന്‌ പിന്നീടല്ലേ അറിഞ്ഞുള്ളൂ. പള്ളിക്കാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും സമരമുണ്ടാക്കാന്‍ കൊടുത്ത കാശ്‌ ലാഭിക്കാനും പറ്റുമായിരുന്നു. മുപ്പതുവര്‍ഷം പ.ബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ഭരണം നടത്തിയിട്ട്‌ ഉണ്ടാകാത്ത അപകടമൊന്നും കേരളത്തില്‍ അഞ്ചുവര്‍ഷം ഭരിച്ചാല്‍ സംഭവിക്കുമായിരുന്നില്ല. ദരു പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ. 356-ാം വകുപ്പിന്റെ രക്തസാക്ഷിയായതിനെച്ചൊല്ലി 365 ദിവസവും കേഴാന്‍ ചിലര്‍ക്ക്‌ അവസരം കിട്ടുമായിരുന്നില്ല എന്നുമാത്രം.


കോണ്‍ഗ്രസ്സുകാരുടെ സ്ഥിതിയാണ്‌ മഹാകഷ്‌ടം. വിമോചനസമരം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിലും ചുരുങ്ങിയത്‌ രണ്ടുഗ്രൂപ്പുണ്ട്‌. വിമോചനസമരനായകനെന്ന്‌ മേല്‍വിലാസമുള്ള എ.കെ. ആന്റണി അത്‌ ചര്‍ച്ച ചെയ്യുന്നതിന്റെ അടുത്തൊന്നും പോകില്ല. സമരം അബദ്ധമായിപ്പോയെന്ന്‌ കുമ്പസരിച്ചവരുണ്ട്‌. മറ്റേ നായകന്‍ വയലാര്‍ രവി ഉറച്ചുനില്‍ക്കുന്നുണ്ട്‌. ഇത്‌ അമ്പതാം വാര്‍ഷികമല്ലേ ആയുള്ളൂ. എഴുപത്തഞ്ചാകുമ്പോഴേക്കെങ്കിലും പാര്‍ട്ടി നിലപാടെടുക്കാനിടയുണ്ട്‌.



                                                                 ****


ജീവിതകാലത്തൊരിക്കല്‍പ്പോലും ഒരു പോലീസ്‌ സ്റ്റേഷന്റെ അടുത്തൊന്നും പോയിട്ടില്ലെങ്കിലും ശരി, മരിച്ചാല്‍ സംസ്‌കരിക്കുംമുമ്പ്‌ അവര്‍ സംഘമായി വന്ന്‌ ആകാശത്തേക്ക്‌ വെടിവെച്ച്‌ ആളെ ബഹുമാനിച്ചുകളയും. അങ്ങനെ സുഖിച്ച്‌ ഉറങ്ങേണ്ട എന്ന മട്ടിലാണ്‌ വെടിവെപ്പ്‌ നടത്തുന്നത്‌. പക്ഷികള്‍ ചത്തുവീഴുമോ എന്നറിയില്ല. ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ വന്ന ജനം നടുങ്ങണം, ചെവി പൊത്തണം, ഞെട്ടിവിറയ്‌ക്കണം. അതൊന്നുമില്ലാതെ എന്തോന്ന്‌ ബഹുമാനം. ഭരണകൂടം ആളെ ആദരിക്കുക ഇങ്ങനെയാണ്‌. ജീവിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെ ആദരിക്കാന്‍ വന്നിരുന്നതെങ്കില്‍ \'\'നിര്‍ത്തൂ നിങ്ങടെ പൊയ്‌ വെടി\'\' എന്നെങ്കിലും അലറിവിളിക്കാമായിരുന്നു. മരിച്ചയാള്‍ക്ക്‌ അതുവയ്യ.

വിടപറയുന്ന മഹാനോടുള്ള ബഹുമാനം കൂടുന്നതിനനുസരിച്ച്‌ വെടിയുടെ റൗണ്ട്‌ കൂടുമോ എന്നറിയില്ല. സമീപകാലത്തായി ആകാശത്തേക്ക്‌ പരക്കെ വെടിവെപ്പ്‌ നടക്കുന്നതായാണ്‌ കാണുന്നത്‌. ബഹുമാനിക്കപ്പെടേണ്ട നിരവധി നല്ല മനുഷ്യര്‍ വിടപറയുന്നു എന്നത്‌ തന്നെ കാരണം. സംസ്‌കാരികവകുപ്പിന്റെ ഉത്സാഹം കൊണ്ടാണ്‌ അടുത്തായി സംസ്‌കാരവെടി കിട്ടുന്നവരുടെ എണ്ണം കൂടുന്നതെന്നും പറയപ്പെടുന്നുണ്ട്‌. അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നതാവും. വെടിവെപ്പും മനുഷ്യനോടുള്ള ബഹുമാനവും തമ്മിലുള്ള ബന്ധം എന്ത്‌ എന്ന്‌ വ്യക്തമല്ല. രാജാവിന്റെ കാലത്തോ സാമ്രാജ്യത്വഭരണത്തിലോ തുടങ്ങിയ ഇത്തരം വൈകൃതങ്ങള്‍ സാമ്രാജ്യത്വവിരോധികള്‍ക്കെങ്കിലും അവസാനിപ്പിച്ചുകൂടേ എന്നാണ്‌ ലാത്തിച്ചാര്‍ജിന്‌ ശേഷമുള്ള വെടിവെപ്പിനുമാത്രം യോഗ്യതയുള്ള സാധാരണ ജനം ചോദിക്കുന്നത്‌. തന്നെ സംസ്‌കരിക്കുമ്പോള്‍ വെടിവെക്കരുതേ എന്ന്‌ മരണപത്രത്തില്‍ എഴുതിവെക്കാന്‍ ചില സാംസ്‌കാരികനായകന്മാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

indran.npr@gmail.com
ചിന്താശൂന്യ ബൈഠക്‌






തിരഞ്ഞെടുപ്പ്‌ തോല്‍വിയും തദനന്തര ആഭ്യന്തര കലഹവും മൂലം നടുവൊടിഞ്ഞുകിടക്കുന്ന പാര്‍ട്ടിയെ പുനരുദ്ധരിക്കാനാവുമോ എന്ന്‌ നോക്കാനാണ്‌ ഷിംലയില്‍ മുന്തിയ ചിന്തകന്മാരെ ബൈഠക്കിലിരുത്തിയത്‌. കൃത്യം ആ സമയത്തുതന്നെയാണ്‌ ജസ്വന്തകന്റെ വക ഇരുട്ടടിയുണ്ടായതും. പറയത്തക്ക പ്രകോപനമൊന്നുമുണ്ടായിരുന്നില്ല. മരിച്ചു മണ്‍മറഞ്ഞവരെക്കൊണ്ട്‌ പൊതുവെ ഉപദ്രവമുണ്ടാകാറില്ലല്ലോ. അറുപതുകൊല്ലം മുമ്പ്‌ പോയ ജിന്ന ഇത്‌ രണ്ടാം വട്ടമാണ്‌ ബി.ജെ.പി.യെ ഓര്‍ക്കാപ്പുറത്ത്‌ പിടികൂടുന്നത്‌. സാക്ഷാല്‍ അദ്വാനിജിക്കുതന്നെ കുറച്ചുമുമ്പ്‌ അതേ ജിന്നിന്റെ ഉപദ്രവമുണ്ടായി. പ്രസിഡന്റ്‌ സ്ഥാനം അന്ന്‌ നഷ്‌ടപ്പെട്ടെങ്കിലും ഒരുവിധം രക്ഷ പ്രാപിച്ചതുകൊണ്ട്‌ രണ്ടാംവട്ടവും തിരഞ്ഞെടുപ്പ്‌ പരാജയത്തിലേക്ക്‌ പാര്‍ട്ടിയെ നയിക്കാനുള്ള അവസരം കിട്ടി.



മുപ്പതുവര്‍ഷമായി സംഘപരിവാരത്തിനൊപ്പം തിന്നും കുടിച്ചും കഴിയുന്ന ഒരാളുടെ തലയില്‍ ജിന്നയെക്കുറിച്ച്‌ ഇത്തരമൊരു അനാശാസ്യചിന്ത ഉണ്ടായതിന്റെ കാരണം ദുരൂഹമാണ്‌. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ശാഖയില്‍ചേര്‍ന്ന്‌ ട്രൗസറിടാത്തതിന്റെ കുഴപ്പമാവണം. വളരെ വൈകിയാണ്‌ ജസ്വന്ത്‌ പാര്‍ട്ടിയിലെത്തിയത്‌. പട്ടാളത്തിലെ ലഫ്‌റ്റ്‌ റൈറ്റ്‌ അല്ല ശാഖയിലേത്‌. എന്നിട്ടും എം.പി.യും മന്ത്രിയുമൊക്കെ ആയെങ്കിലും ആള്‍ ശരിക്കും പാര്‍ട്ടിക്കകത്തായിരുന്നില്ല എന്നുവേണം കരുതാന്‍. ആയിരുന്നെങ്കില്‍ ജിന്നയല്ല ഇന്ത്യാവിഭജനത്തിന്‌ കാരണക്കാരന്‍ എന്ന്‌ പറയുവാന്‍ നാവുപൊങ്ങുമോ? ജസ്വന്തിനുമാത്രമല്ല വൈകി വഴിതെറ്റിക്കയറിവന്ന യശ്വന്തിനും അരുണ്‍ ശൗരിക്കും സമാന സ്വഭാവക്കാരായ വേറെ ചിലര്‍ക്കും ഇത്തരം നിരവധി കുഴപ്പങ്ങളുണ്ട്‌. കോണ്‍ഗ്രസ്സുകാരോ ഇടതുപക്ഷക്കാരോ ആയിരുന്നു പുസ്‌തകമെഴുതിയിരുന്നതെങ്കില്‍ വര്‍ഗീയ പ്രീണനമാണെന്നോ വോട്ടുബാങ്ക്‌ രാഷ്ട്രീയമാണെന്നോ ഒക്കെ ആക്ഷേപിക്കാമായിരുന്നു. ഇപ്പോള്‍ അതും നിവൃത്തിയില്ല.


ജിന്ന അസ്സല്‌ മതേതരവാദിയാണെന്ന്‌ ഇന്ന്‌ തോന്നിയവര്‍ക്ക്‌, ശ്രീരാമനല്ല രാവണനാണ്‌ ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ചതെന്നും ശ്രീകൃഷ്‌ണനല്ല ദുര്യോധനനാണ്‌ അര്‍ജുനനെ ഗീത ഉപദേശിച്ചതെന്നും രാമജന്മഭൂമി ബാബര്‍ തകര്‍ത്തതല്ല കാറ്റിലും മഴയിലും വീണുപോയതാണെന്നും മറ്റും നാളെ തോന്നിക്കൂടായ്‌കയില്ല. ഈ രോഗത്തിന്‌ ചികിത്സയൊന്നുമില്ല. ഉടനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയാണ്‌ പരിഹാരകര്‍മം. സാങ്കേതികമായി പുറത്താക്കുന്നുവെന്നേ ഉള്ളൂ. ഇവരൊരിക്കലും പാര്‍ട്ടിക്കകത്തായിരുന്നില്ല.



ദ്വിരാഷ്ട്രവാദത്തിലേക്കും വിഭജനത്തിലേക്കും ജിന്നയെ മറ്റാരോ തള്ളിവിട്ടതാണെന്ന്‌ ഒരു ബി.ജെ.പി.ക്കാരന്‍ പറയുമ്പോള്‍ ചെയ്യുന്നത്‌ ബി.ജെ.പി.യുടെ ജന്മലക്ഷ്യത്തെത്തന്നെ തള്ളിപ്പറയുകയാണ്‌. വിഭജനത്തെ ഊണിലും ഉറക്കത്തിലും തള്ളിപ്പറയുകയും അഖണ്ഡഭാരതമെന്ന്‌ ഉറക്കത്തിലും ഉച്ചരിക്കുകയും ചെയ്യുകയാണ്‌ പാര്‍ട്ടി തത്ത്വശാസ്‌ത്രം. വിഭജനത്തിന്‌ മുസ്‌ലിങ്ങളും ജിന്നയുംതന്നെ കാരണക്കാര്‍. വിഭജനം തടഞ്ഞില്ലെന്നതാണ്‌ ഗാന്ധിജിയുടെയും നെ\'ുവിന്റെയും തെറ്റ്‌. ഗാന്ധിജിക്കുള്ള ശിക്ഷ അന്നേ കൊടുത്തു. ജിന്നയ്‌ക്കുള്ളത്‌ ലോകമുള്ള കാലം മുഴുവന്‍ കൊടുത്തുകൊണ്ടേയിരിക്കണം. അതിനിടയിലാണ്‌ ഓരോരുത്തര്‌ ചെന്ന്‌ ജിന്നയെ പൊന്നാടയണിയിക്കുന്നത്‌. എങ്ങനെ സഹിക്കും?



കാര്യമിങ്ങനെയാണെങ്കിലും മുസ്‌ലിംലീഗും ജിന്നയും വിഭജനവുമൊന്നുമില്ലായിരുന്നെങ്കില്‍ നമ്മുടെ പാര്‍ട്ടിയുടെ കാര്യം കുറച്ച്‌ ബുദ്ധിമുട്ടാകുമായിരുന്നു എന്നത്‌ അധികംപേര്‍ ഓര്‍ക്കാത്ത സത്യമാണ്‌. വര്‍ഗശത്രുവായാലും ശരി വര്‍ഗീയ ശത്രുവായാലും ശരി എടുത്തുകാട്ടി ജനത്തെ സംഘടിപ്പിക്കാന്‍ നല്ലൊരു ശത്രു വേണം. ഇല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാക്കുക പ്രയാസമാണ്‌. മുസ്‌ലിമും മുസ്‌ലിംലീഗും ജിന്നയും പാകിസ്‌താനുമില്ലെങ്കിലെങ്ങനെയാണ്‌ സംഘപരിവാരമുണ്ടാകുക? ഈ യാഥാര്‍ഥ്യം ഉപബോധമനസ്സില്‍ കിടക്കുന്നതുകൊണ്ടാകും അദ്വാനിയും ജസ്വന്തും ബോധമില്ലാതെ ജിന്നയെക്കുറിച്ച്‌ നല്ലതുപറഞ്ഞുപോയത്‌. പടച്ചോന്റെ ഓരോരോ കളികളെന്നല്ലാതെന്ത്‌ പറയാന്‍.



പുസ്‌തകമെഴുതാന്‍ പറ്റിയ ആയിരം വിഷയങ്ങള്‍ സൂര്യന്‌ കീഴിലുള്ളപ്പോള്‍ ജിന്നയെയും വിഭജനത്തെയും സ്വീകരിക്കാന്‍ ജസ്വന്തിനെ പ്രേരിപ്പിച്ചതെന്ത്‌ എന്ന്‌ കണ്ടുപിടിക്കാന്‍ ഷിംലയിലെ ചിന്താശൂന്യ ബൈഠക്കിന്‌ കഴിഞ്ഞതായി സൂചനയില്ല. അതുസംബന്ധിച്ചൊന്നും പത്രക്കുറിപ്പില്‍ പറയുന്നില്ല. എന്തായാലും ജസ്വന്തിനെ പാര്‍ട്ടി ഒറ്റയടിക്ക്‌ പുറത്താക്കുകയാണ്‌ ചെയ്‌തത്‌. അതില്‍നിന്ന്‌ കുറ്റകൃത്യത്തിന്റെ ഗൗരവം ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടിയുടെ ഭരണഘടനയിലൊരിടത്തും ഒരാളെ ഇങ്ങനെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്‌തിട്ടില്ല. പറയാനുള്ളത്‌ കേട്ടിട്ടേ നടപടിയെടുക്കാവൂ എന്ന്‌ കൃത്യമായി പറഞ്ഞിട്ടുമുണ്ട്‌. അടിയന്തരാവസ്ഥ വന്നാല്‍ ഭരണവും ഘടനയുമൊന്നും നോക്കാന്‍ പറ്റില്ല. ഉടന്‍ പുറത്തുകളഞ്ഞു. ജസ്വന്തിന്‌ അതുകൊണ്ട്‌ ചെറുതല്ലാത്ത നേട്ടവുമുണ്ട്‌. പുസ്‌തകമെഴുതിയതിന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവ്‌ എന്ന ബഹുമതി ഗിന്നസ്‌ ബുക്കില്‍ ചേര്‍ക്കാന്‍ പറ്റിയതാണല്ലോ. സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും കാലത്ത്‌ ഇത്തരം പുസ്‌തകമെഴുത്തുകാരെ നാടുകടത്തുകയോ ജയിലിലിടുകയോ ഫയറിങ്‌ സ്‌ക്വാഡിന്‌ മുമ്പില്‍ നിര്‍ത്തുകയോ ആണ്‌ ചെയ്‌തിരുന്നത്‌. ഇവിടെ അതിനുള്ള പാങ്ങില്ല. ഗുജറാത്തില്‍ ഒരു പക്ഷേ പറ്റിയേക്കാം. അവിടെ പുസ്‌തകം നിരോധിച്ചിട്ടുണ്ട്‌. ജസ്വന്ത്‌ അങ്ങോട്ട്‌ ചെല്ലുകയാണെങ്കിലും ജയിലിലിടുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും.



വിഭജനത്തിന്‌ മുമ്പ്‌ ജനിച്ചവര്‍ ജനസംഖ്യയില്‍ നന്നേ ചെറിയ ഒരു ശതമാനമാണ്‌. പകുതിയിലേറെ പൗരന്മാര്‍ക്ക്‌ വയസ്സ്‌ ഇരുപത്തഞ്ചില്‍ താഴെയാണ്‌. അവര്‍ ജിന്നയെക്കുറിച്ച്‌ പാഠപുസ്‌തകത്തില്‍പ്പോലും വായിച്ചുകാണില്ല. പുതിയ യുഗത്തിലാണ്‌ അവര്‍ ജീവിക്കുന്നത്‌. അതില്‍ കാര്യമില്ല. ബി.ജെ.പി. നേതാക്കളില്‍ ഭൂരിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ ജീവിക്കുന്നത്‌. ചിലരെല്ലാം ബാബറിന്റെയും ചെങ്കിസ്‌ഖാന്റെയും സമകാലികരാണ്‌. നൂറു ചിന്തന്‍ ബൈഠക്കുകള്‍ക്കും അവരെ ഈ കാലത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞേക്കില്ല.



                                                                      ****



ആസിയാന്‍ കരാര്‍ എന്തെന്ന്‌ അറിയും മുമ്പാണ്‌ സകല വിദഗ്‌ധരും അതിനെ കടിച്ചുകീറിയതെന്ന പരാതിയില്‍ വലിയ കഴമ്പൊന്നുമില്ല. ജസ്വന്ത്‌ സിങ്ങിന്റെ പുസ്‌തകം മുഴുവന്‍ വായിച്ചിട്ടാണോ ചിന്തന്‍ ബൈഠക്കുകാര്‍ അദ്ദേഹത്തെ പുറത്തുകളഞ്ഞത്‌? ആണവക്കരാര്‍ മുഴുവന്‍ വായിച്ചുപഠിച്ചേ അതിനെ എതിര്‍ക്കാവൂ എന്ന്‌ വാശിപിടിച്ചതുപോലെയാണ്‌ ഇതും. ഓരോ കരാറിന്റെയും ശരിതെറ്റുകള്‍ വായിക്കാതെ നമുക്ക്‌ ഊഹിക്കാനാവും. നൂറുകണക്കിന്‌ പേജുകളും വകുപ്പുകളും ഉപവകുപ്പുകളും പട്ടികകളും ഉള്ള കരാറൊക്കെ വായിച്ചുപഠിച്ചേ പ്രതികരിക്കാവൂ എന്ന്‌ നിര്‍ബന്ധിക്കുന്നത്‌ ശുദ്ധ ഫാസിസമാണ്‌.



അമേരിക്ക പോലുള്ള സാമ്രാജ്യത്വവും കോണ്‍ഗ്രസ്സിനെപ്പോലൊരു സാമ്രാജ്യത്വ കാലുനക്കി പാര്‍ട്ടിയുടെ സര്‍ക്കാറുമാണ്‌ കരാറിലേര്‍പ്പെടുന്നതെങ്കില്‍പ്പിന്നെ ആലോചിക്കാനൊന്നുമില്ല. എതിര്‍ക്കുകതന്നെ. ലാവോസ്‌, കംപോഡിയ, തായ്‌ലന്‍ഡ്‌ തുടങ്ങിയ ഭീകര സാമ്രാജ്യത്വരാജ്യങ്ങളാണ്‌ ആസിയാനിലുള്ളത്‌. കൊച്ചുഭാരതത്തെ അവര്‍ വിഴുങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ ഏത്‌ ചെകുത്താനുമായി കരാര്‍ ഒപ്പിട്ടാലും അതിലൊരു വരി തെറ്റോ കുറ്റമോ അതുകൊണ്ടൊരു ദോഷമോ ഉണ്ടാവില്ല എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്കുള്ളത്‌. രാജ്യതാത്‌പര്യം വിട്ടൊരു കളി കോണ്‍ഗ്രസ്സിനില്ലെന്നകാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ സംശയം ഒട്ടുമില്ല. പവര്‍പോയന്റില്‍ അതുപ്രത്യേകം പറഞ്ഞിട്ടുമുണ്ട്‌.



ഇതൊന്നും പക്ഷേ കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ്സിനും ബാധകമല്ല. കോണ്‍ഗ്രസ്സിന്റെ കേന്ദ്രസര്‍ക്കാറും അമേരിക്കയുടെ സാമ്രാജ്യത്വവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരാണെങ്കിലും വോട്ടുള്ളത്‌ അവരുടെ കൈയിലൊന്നുമല്ല. അതിന്‌ കര്‍ഷകര്‍തന്നെ കനിയണം. നമ്മുടെ തത്ത്വം ഒന്നുമാത്രം. നമ്മുടെ ഉത്‌പന്നം ലോകത്ത്‌ മുഴുവന്‍ മുന്തിയ വിലയ്‌ക്ക്‌ വിറ്റഴിക്കാനാകണം. നമ്മള്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ വില കുറയ്‌ക്കാനിടയാക്കുന്ന ഒരു സാധനവും ഇങ്ങോട്ട്‌ ഇറക്കാന്‍ പാടില്ല. നൂലിന്‌ വില കുറയുകയും മുണ്ടിന്‌ വില കൂടുകയും ചെയ്യണമെന്നേ ഏത്‌ നെ\'ുകാരനും ആഗ്രഹിക്കാന്‍ പറ്റൂ. ഈ അടിസ്ഥാന സാമ്പത്തികതത്ത്വമനുസരിച്ചുള്ളതല്ലെങ്കില്‍ കരാറിനെ എതിര്‍ക്കാതെ നിവൃത്തിയില്ല. ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. കരാര്‍ നടപ്പായാല്‍ എന്താണ്‌ സംഭവിക്കുക എന്നറിയാന്‍ കെ.എം.മാണിയുടെ സാമ്പത്തികശാസ്‌ത്രജ്ഞാനമൊന്നും പോരാ. അതിന്‌ മുന്തിയ ജ്യോത്സ്യന്മാര്‍ വേണ്ടിവരും.



ഒടുവിലത്തെ ധീരമായ ഒരു പ്രഖ്യാപനം ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെയും മറ്റ്‌ ജനവിഭാഗങ്ങളുടെയും ആശങ്ക അകറ്റിയിട്ടുണ്ട്‌. ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി കിസാന്‍സഭ പ്രസിഡന്റ്‌ എസ്‌. രാമചന്ദ്രന്‍പിള്ളയുടെ പ്രഖ്യാപനമാണ്‌ ഇതിനുകാരണം. ഇത്രയും എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നത്തെച്ചൊല്ലി എന്തിനാണ്‌ ഒച്ചയും ബഹളവുമുണ്ടാക്കിയതെന്ന്‌ മനസ്സിലാകുന്നില്ല. ആസിയാന്‍ കരാറില്‍ പറഞ്ഞിട്ടുള്ള പതിനായിരത്തില്‍ ചില്വാനം ഉത്‌പന്നങ്ങളുടെ പട്ടിക കടയില്‍പോകുമ്പോള്‍ നമ്മള്‍ കൈയില്‍ വെക്കണമെന്നേ ഉള്ളൂ. അത്‌ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതായിരിക്കും.
ഒരു ക്വട്ടേഷന്‍


ഒരു ആഭ്യന്തരമന്ത്രി വല്ലതും ഉപദേശിച്ചാല്‍ കുറച്ചെങ്കിലും അനുസരിക്കാനുള്ള ബാധ്യത മാധ്യമഭീകരന്മാര്‍ക്കും ഉണ്ട്. പോലീസിനെപ്പോലെ ആയിക്കൂടല്ലോ അവരും. ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കുള്ള സാമൂഹികാവബോധമെങ്കിലും മാധ്യമ ഗുണ്ടകള്‍ക്ക് വേണ്ടേ? കൊലപാതകമായാലും അതിനേക്കാള്‍ ഡോസ് കുറഞ്ഞ മറ്റേതെങ്കിലും കുറ്റകൃത്യമായാലും അന്വേഷണം നടത്താനുള്ള ചുമതല പോലീസിനുള്ളതാണ്. ഒരിടത്തും ഒരു മാധ്യമവും ഈ പണി ഏല്‍ക്കില്ല. പോലീസ് അന്വേഷണത്തില്‍ വല്ല പഴുതോ വീഴ്ചയോ ഉണ്ടോ എന്ന് നോക്കുന്ന പണിയേ മാധ്യമങ്ങള്‍ക്കുള്ളൂ. കോടിയേരി ആഭ്യന്തരമന്ത്രിയായതുകൊണ്ടൊന്നും അത് വേണ്ടെന്നുവെക്കാന്‍ വയ്യല്ലോ. ഈ പണി മാധ്യമങ്ങള്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയാണ് ആഭ്യന്തരമന്ത്രി മാധ്യമദ്വാരാതന്നെ മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കിയത്.



മാധ്യമങ്ങള്‍ യാതൊന്നും അന്വേഷിക്കേണ്ട എന്നില്ല. ഭരിക്കുന്നത് യു.ഡി.എഫോ മറ്റോ ആണെങ്കില്‍ എന്തും അന്വേഷിക്കാം. നമ്മളാണ് ഭരിക്കുന്നതെങ്കില്‍ ഏതെല്ലാം സംഗതികളാണ് അന്വേഷിക്കേണ്ടത് എന്ന് പാര്‍ട്ടി സെക്രട്ടറി അതത് സമയത്ത് നിര്‍ദേശിക്കും. ഉദാഹരണത്തിന്, പോള്‍ മുത്തൂറ്റ് എങ്ങനെ മരിച്ചു, ആരാണദ്ദേഹത്തെ കുത്തിയത് എന്നൊക്കെ പോലീസ് കണ്ടെത്തിക്കൊള്ളും. അന്വേഷണനടപടികള്‍ വിശദീകരിക്കാന്‍ കൊലക്കേസ് ഒന്നിന് പോലീസ് ഐ.ജി. ഒന്നും പാര്‍ട്ടി സെക്രട്ടറി രണ്ടും പത്രസമ്മേളനങ്ങള്‍ നടത്തും. പത്രക്കാരും ടി.വി.ക്കാരും ഇതപ്പടി അക്ഷരംപ്രതി റിപ്പോര്‍ട്ട് ചെയ്താല്‍മതി, വേറെ ഇടപെടേണ്ട. എന്നാല്‍, പോള്‍ മുത്തൂറ്റ് മാന്‍കിടാവിനെപ്പോലെ സല്‍സ്വഭാവിയായ സത്യക്രിസ്ത്യാനിയാണോ പച്ചവെള്ളം ചവച്ചരച്ചാണോ കുടിക്കാറുള്ളത്, ബൈബിളില്‍ പറഞ്ഞതുപോലുള്ള സദാചാരക്കാരനാണോ കൈയിലുള്ള കാശൊക്കെ വീട്ടുവളപ്പിലെ മരത്തില്‍നിന്ന് പറിച്ചെടുത്തതാണോ ഏതെല്ലാം ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കാണ് പ്രതിപക്ഷത്തുള്ളവരുമായി ബന്ധമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്. പോലീസിന് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല.



എന്ത് ചെയ്യരുതെന്ന് ഉപദേശിച്ചോ കൃത്യം നാലാംനാള്‍ അതുതന്നെ ചെയ്തു മാധ്യമശ്രേഷ്ഠന്മാര്‍. പോള്‍ മുത്തൂറ്റിനെ കുത്താനുപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തി പോലീസ് പറഞ്ഞുണ്ടാക്കിച്ചതാണെന്ന അവരുടെ കണ്ടുപിടിത്തം ടെലിവിഷനില്‍ കേട്ട് കുറെ ശുദ്ധാത്മാക്കള്‍ ഞെട്ടിയിട്ടുണ്ടാകണം. പോലീസുകാരോ ജയരാജവിജയന്മാരോ ഒന്നും അതുകേട്ട് ഞെട്ടുകയില്ല. മാധ്യമ അജ്ഞന്മാര്‍ക്കുണ്ടോ പോലീസ് അന്വേഷണത്തിന്റെ വഴിക്രമങ്ങളെക്കുറിച്ച് സാമാന്യബോധം! വെറുതെ ആരെയെങ്കിലും പിടിച്ച് രണ്ടിടി കൊടുത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവന്ന് കുറ്റം സമ്മതിപ്പിച്ചാലൊന്നും കോടതി ശിക്ഷിക്കുകയില്ല. സകല തെളിവും ഹാജരാക്കിയാലും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നവരാണ് കോടതിയിലിരിക്കുന്നത്. തെളിവും സാക്ഷിയും വേണം. ഇതെല്ലാം അനായാസം കിട്ടുമെന്നായിരിക്കും മാധ്യമറിപ്പോര്‍ട്ടര്‍മാരുടെ വിചാരം. അവര്‍ക്ക് അങ്ങനെ മതിയല്ലോ. വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയതാണെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ \'ലോകാവസാനം നാളെ\' എന്നും റിപ്പോര്‍ട്ട് അടിക്കാം. ആരും നിഷേധിക്കില്ല. അതുപോലെയല്ല കോടതി. അവിടെ സാക്ഷിവേണം, മൊഴി വേണം, തെളിവ് വേണം, തൊണ്ടി വേണം. അതെല്ലാം തരാതരംപോലെ ശാസ്ത്രീയമായി ഉണ്ടാക്കുന്നതും പോലീസിന്റെ പണി തന്നെ. തെളിവില്ലെങ്കില്‍ തെളിവുണ്ടാക്കും. തൊണ്ടിയില്ലെങ്കില്‍ അതുമുണ്ടാക്കും.



പോള്‍ മുത്തൂറ്റിനെ കൊന്നത് പിച്ചാത്തി പോലുള്ള പോലീസ് ഫ്രന്‍ഡ്‌ലി ആയുധം ഉപയോഗിച്ചായത് ഭാഗ്യം. വല്ല തോക്കും ഉപയോഗിച്ചായിരുന്നു പഹയന്മാര്‍ അതു ചെയ്തിരുന്നതെങ്കില്‍ കാരി സതീശനെപ്പോലൊരു ഗതികെട്ടവന്റെ കട്ടിലിനടിയില്‍ നിന്ന് എങ്ങനെ എ.കെ. 47 തോക്കും അതിന്റെ ഉണ്ടയുമൊക്കെ വീണ്ടെടുക്കാനാകും? പറ്റില്ല പറ്റില്ല. \'ട\' ആകൃതിയുള്ള കത്തിയില്‍ നിന്നുള്ള കുത്താണ് മരണകാരണം എന്ന് റെക്കോഡാക്കിയതാണ് ഈ പൊല്ലാപ്പിന് കാരണം. വെറും പിച്ചാത്തിയായിരുന്നുവെങ്കില്‍ കാരി സതീശന്റെ അടുക്കളയില്‍ നിന്ന് പിടിച്ചെടുത്താല്‍ മതിയാകുമായിരുന്നു. അവന്റെയൊരു \'ട\' ആകൃതി. ഇത്തരം കത്തികള്‍ കൊല്ലനെക്കൊണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിക്കുകയല്ലാതെന്ത് ചെയ്യും. എല്ലായിനം കത്തികളുടെയും ഓരോ സ്‌പെസിമെന്‍ ഓരോ സ്റ്റേഷനിലും ഉണ്ടെങ്കില്‍ വളരെ സൗകര്യപ്രദമാകുമായിരുന്നു. മുന്‍കാല യു.ഡി.എഫ്. സര്‍ക്കാര്‍ അതിന് നടപടിയെടുക്കാഞ്ഞതാണ് ഇപ്പോള്‍ ഈ വീഴ്ച ഇടതുസര്‍ക്കാറിനുണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു മാധ്യമവും ഇവിടെയുണ്ടായതുമില്ല. ആകപ്പാടെ ഒരു വീഴ്ചയേ പറ്റിയുള്ളൂ. കത്തി വല്ല കുളത്തിലോ കുണ്ടിലോ എറിഞ്ഞെന്ന് പറയിച്ചിരുന്നെങ്കില്‍ പോലീസിനുതന്നെ ആരും കാണാതെ അതങ്ങ് മുങ്ങിയെടുക്കാമായിരുന്നു. ആ ബുദ്ധി അപ്പോള്‍ ഉദിച്ചില്ല.



\'ട\' ആകൃതി കത്തി ആര്‍.എസ്.എസ്സുകാരാണ് ഉപയോഗിക്കാറെന്ന രഹസ്യവിവരം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നാഗ്പുര്‍ ആസ്ഥാനത്തുനിന്ന് ചോര്‍ത്തിയതാണോ അതല്ല വിവരാവകാശനിയമപ്രകാരം സംഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. \'ട\' ആകൃതിക്ക് നാസികളുടെ സ്വസ്തിക പോലെ ഹിന്ദുത്വഫാസിസവുമായി എന്തോ ബന്ധമുണ്ട്. അതുകൊണ്ട് അത്തരം കത്തികള്‍ കമ്യൂണിസ്റ്റുകാരും മറ്റുമതേതരക്കാരുമൊന്നും ഉപയോഗിക്കുകയില്ല. സി.പി.എമ്മുകാര്‍ അരിവാള്‍ ആണ് ഉപയോഗിക്കുക, അത് പാര്‍ട്ടിപതാകയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയുടെ ഊന്നുവടിയുടെ ആകൃതിയിലുള്ള അഹിംസാത്മക കത്തിയാവണം ഉപയോഗിക്കുന്നത്. കെ. സുധാകരനോട് ചോദിച്ചാല്‍ കൃത്യവിവരം ലഭിക്കും.



മാധ്യമങ്ങള്‍ പറയുന്ന അത്ര മോശക്കാരല്ല കേട്ടോ ഈ ക്വട്ടേഷന്‍ തൊഴിലാളികള്‍. മനുഷ്യസ്നേഹംകൊണ്ട് നിക്കക്കള്ളിയില്ലാത്തവരും അവരിലുണ്ടെന്ന് പോള്‍ മുത്തൂറ്റ് കേസിലെ പോലീസ് കണ്ടെത്തല്‍ വായിച്ചാല്‍ മനസ്സിലാകും. പാതിരാത്രിയില്‍ വഴിയാത്രക്കാരനെ തട്ടിവീഴ്ത്തി ഒരു വാഹനം നിര്‍ത്താതെ പോകുന്നതുകണ്ടാല്‍ ഏറിയാല്‍ പോലീസിനെ വിളിച്ചറിയിക്കുകയേ ക്വട്ടേഷന്‍കാരല്ലാത്ത സാധാരണക്കാര്‍ ചെയ്യാറുള്ളൂ. ക്വട്ടേഷന്‍കാര്‍ എന്താണ് ചെയ്തത് ? ആ അനീതിയും അധര്‍മവും അവര്‍ക്ക് കണ്ടുസഹിക്കാനായില്ല. വേറൊരു വാഹനത്തില്‍ കുതിച്ചുപാഞ്ഞ് കുറ്റവാളിയെ കണ്ടെത്തി തല്‍ക്ഷണം കുത്തിക്കൊല്ലുകയാണ് ചെയ്തത്. സാധാരണഗതിയില്‍ വന്‍തുക വാങ്ങിമാത്രം നടത്തുന്ന കൊലയാണ് അവര്‍ ഏതോ അജ്ഞാതനുവേണ്ടി തീര്‍ത്തും സൗജന്യമായി ചെയ്തുകൊടുത്തത്. എന്തൊരു നീതിബോധം. പോലീസ് കണ്ടെത്തലിനെ ഉറച്ചുവിശ്വസിക്കുന്ന രണ്ടുപേര്‍ എന്തായാലും കേരളത്തിലുണ്ട്- കോടിയേരിയും പിണറായിയും. ബാക്കിയുള്ളവരെ ക്രമേണ വിശ്വസിപ്പിക്കാം. സഖാവ് പിണറായി പറഞ്ഞതുപോലെ, പോലീസിന്റെ ഈ കണ്ടെത്തലിനെ അഭിനന്ദിച്ചില്ലെന്നത് പോകട്ടെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിനാണ് അവര്‍ ചാര സിനിമകളിലെ നായകന്മാരുടെ വേഷംകെട്ടി പാവം കൊല്ലനെ കുളത്തിലിറക്കിയത്.



ഇതിന്റെ പിന്നില്‍ ആരുടെ ക്വട്ടേഷനാണ് ഉള്ളതെന്ന് പോലീസ് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ പോലീസിന് ഇതുവരെ അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ചാനലുകാരെ പിടിച്ച് ലോക്കപ്പിലിട്ട് രണ്ടുകൊടുക്കാന്‍ പോലീസിന് ധൈര്യമുണ്ടാകട്ടെ. ഗുണ്ടകളെ സഹായിക്കുന്ന മാധ്യമക്കാരെയും ഗുണ്ട ആക്ടിന്റെ പരിധിയില്‍ പെടുത്താമോ എന്നുനോക്കണം. കോടാലി, വെട്ടുകത്തി, മഴു തുടങ്ങിയ സര്‍വ ക്വട്ടേഷന്‍കാരെക്കുറിച്ചും വിവരം ശേഖരിച്ചിട്ടുള്ള പിണറായിക്ക് ഇത് സാധിക്കുമെന്നും മാധ്യമക്കാര്‍ മനസ്സിലാക്കട്ടെ.



                                                                 ***



കോണ്‍ഗ്രസ്ഭരണം കാരണം രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചുവെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കാര്‍ വോട്ടര്‍മാരോട് പറഞ്ഞിരുന്നത്. ജനം വിശ്വസിച്ചുവോ എന്നറിയില്ല. എന്നാല്‍ സംഗതി സത്യമാണെന്നാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂര്‍ ധരിച്ചിരുന്നത്. സദാ വിദേശത്തായിരുന്നതുകൊണ്ട് ഇവിടത്തെ കൃത്യവിവരമൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലോ. ജനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാറില്‍ താമസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് തല്‍ക്കാലം അവര്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ക്കെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാവുമെന്നാണ് അദ്ദേഹം കരുതിയത്.



ശശി തരൂരും എസ്.എം.കൃഷ്ണയും മാത്രമാണ് പഞ്ചനക്ഷത്രത്തില്‍ കിടന്നത് എന്ന് ധരിക്കരുത്. വിവിധ പാര്‍ട്ടികളില്‍പെട്ട 74 എം.പി.മാര്‍ പഞ്ചനക്ഷത്രത്തിലാണ് അന്തിയുറങ്ങിയത് എന്ന് കേള്‍ക്കുന്നു. പാര്‍ലമെന്റില്‍ മന്ത്രി നല്‍കിയ ഉത്തരമൊന്നുമല്ല. മാധ്യമഭീകരരുടെ വെളിപ്പെടുത്തലാണ്. ഇവരില്‍ രണ്ടു പേരോട് മാത്രം -ശശിയോടും കൃഷ്ണയോടും- അവിടെനിന്ന് ഇറങ്ങാന്‍ ഉത്തരവിട്ട പ്രണബ് മുഖര്‍ജിയുടെ നടപടി കടുത്ത വിവേചനമായിപ്പോയി. പഞ്ചനക്ഷത്രത്തില്‍ കുറഞ്ഞ ഒരിടത്തും അന്തിയുറങ്ങിയിട്ടില്ലാത്തവരാണ് ഇവര്‍. വോട്ടെടുപ്പുകാലത്ത് തുക്കട ഹോട്ടലുകളില്‍ കിടന്ന് ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ക്കാന്‍മാത്രം അഞ്ചുവര്‍ഷമെങ്കിലും പഞ്ചനക്ഷത്രത്തില്‍ ഉറങ്ങേണ്ടിവരും. അഞ്ചുവര്‍ഷം പോകട്ടെ, ആറുമാസമെങ്കിലും ഫൈവ് സ്റ്റാറില്‍ താമസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെയെന്ത് സോഷ്യലിസമാണാവോ ഇവിടെ ഉണ്ടാക്കിയത്. ആരോട് ചോദിക്കാന്‍ !



                                                                         ***



അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ഗംഭീരമായ സംഗതിയെന്തെന്ന് ചോദിച്ചാല്‍ സ്‌കൂള്‍കുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല-നിയമസഭാംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതുതന്നെ. ആരാണ് അതുണ്ടാക്കിയത്? നിയമസഭാംഗങ്ങള്‍തന്നെ. എന്താണ് പെരുമാറ്റച്ചട്ടത്തിലുള്ളത്? സഭയില്‍ സ്​പീക്കറെ വന്ദിക്കണം, സഭയില്‍ മുദ്രാവാക്യം വിളിക്കരുത്, നടുത്തളത്തിലിറങ്ങരുത്, രേഖകള്‍ വലിച്ചുകീറരുത്, പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തരുത്, സ്​പീക്കര്‍ പറയുന്നത് അനുസരിക്കണം....രാവിലെ കുളിക്കണം, അലക്കിയ വസ്ത്രം ധരിക്കണം....

ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ ? ഇല്ല, ആര്‍ക്കുമില്ല. ശമ്പളംകൂട്ടാനുള്ള ബില്‍ പാസ്സാക്കുന്ന അതേ ഐക്യത്തോടെ പെരുമാറ്റച്ചട്ടവും അംഗീകരിച്ചു. ആ പറഞ്ഞതൊന്നും ചെയ്യാനല്ലെങ്കില്‍പിന്നെ സഭയില്‍ വരുന്നതെന്തിന് എന്നാരും ചോദിച്ചില്ല.

ബില്‍ പാസ്സാക്കുമ്പോള്‍ എന്താണ് അംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ? പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സഭയുടെ നടുത്തളത്തില്‍നിന്നുകൊണ്ടുതന്നെ പ്രസംഗം തടസ്സപ്പെടുത്തുക, സ്​പീക്കറെ അനുസരിക്കാതിരിക്കുക, രേഖകള്‍ കീറിയെറിയുക തുടങ്ങിയ ദിനകര്‍മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കുന്നുണ്ടായിരുന്നു.


ജനപ്രതിനിധികള്‍ക്ക് സഭയില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നത്, ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ ഫലപ്രദമാണെന്നാണ് പൊതുവായ അഭിപ്രായം.



indran.npr@gmail.com
പാവം കന്നുകാലി






ശശി തരൂരിനെതിരായ കോണ്‍ഗ്രസ്സുകാരുടെ മുറവിളിയുടെ അര്‍ഥം മനസ്സിലാക്കാന്‍ ജനത്തിന് പ്രയാസമുണ്ട്. ജനത്തെ കന്നുകാലിയെന്ന് വിളിച്ചെന്നു പറഞ്ഞാണ് നെഞ്ചിലിടിച്ചുള്ള നിലവിളി. ശരി അങ്ങനെ വിളിച്ചെന്ന് തന്നെ വിചാരിക്കുക. എങ്കിലെന്ത്? ജനം സന്തോഷിക്കുകയാണ് വേണ്ടത്. അറുപതിലേറെ വര്‍ഷമായി പൊതുജനത്തെ കഴുത എന്നായിരുന്നു വിളിച്ചിരുന്നത്. നേതാക്കള്‍ മാത്രമല്ല ജനങ്ങളും കരുതിയത് അങ്ങനെ. അതിലാരും ഇക്കാലംവരെ പ്രതിഷേധിച്ചുകണ്ടിട്ടില്ല. ഇപ്പോള്‍ ശശി തരൂര്‍ വന്നപ്പോള്‍ കന്നുകാലിയായി സ്ഥാനക്കയറ്റം കിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്.

ലോകത്തൊരിടത്തും കഴുതയെ കന്നുകാലിവര്‍ഗത്തില്‍ പെടുത്തിയിട്ടില്ല. കഴുതയെക്കാള്‍ പ്രയോജനമുള്ളതും മനുഷ്യന്‍ അകമഴിഞ്ഞു സ്നേഹിക്കുന്നതുമായ മൃഗങ്ങളെയാണ് കന്നുകാലികളെന്ന് വിളിക്കുന്നത്. അനുസരണയുള്ള മൃഗങ്ങളായി പിറകെവരുന്ന നിഷ്‌കളങ്ക മനുഷ്യരെ കുഞ്ഞാടുകള്‍ എന്നു വിളിക്കുന്നതില്‍ ഒരുകുഴപ്പവും ആരും കണ്ടിട്ടില്ല. ആടും കാലി തന്നെ. എന്നിട്ടും പാവം കന്നുകാലിയെ വെറുക്കപ്പെട്ട മൃഗമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. മൃഗീയം തന്നെ.

പ്രതിപക്ഷത്തുള്ളവര്‍ക്കല്ല കോണ്‍ഗ്രസ്സുകാര്‍ക്കാണ് കൂടുതല്‍ വേവലാതി. പൊതുജനത്തോടുള്ള സ്നേഹമാണ് കാരണമെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ജനത്തെ കഴുതയാക്കുക എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കേണ്ടത്. പൊതുജനത്തെ കന്നുകാലിയെന്ന് വിളിച്ചതിലല്ല, ഹൈക്കമാന്‍ഡിലെ ദിവ്യരെ വിശുദ്ധപശുക്കള്‍ എന്നു വിളിച്ചതാണ് കുറെ കുഞ്ഞാടുകള്‍ക്ക് അസഹ്യമായി തോന്നിയത്. അതുപക്ഷേ തുറന്നുപറയാന്‍ നിവൃത്തിയില്ല. അതുകൊണ്ട് പൊതുജനത്തിന്റെ പേരിലാക്കി വിലാപം.



കോണ്‍ഗ്രസ്സിലെ രണ്ടാംനിര നേതാക്കള്‍ക്ക് തരൂരിനോട് അമര്‍ഷം തോന്നിയതില്‍ കുറ്റം പറഞ്ഞുകൂടാ. കാലങ്ങളായി ഹൈക്കമാന്‍ഡിലെ വിശുദ്ധപശുക്കള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നവര്‍ക്കൊന്നും കൊടുക്കാത്ത ടിക്കറ്റാണ് ശശി തരൂര്‍ എന്ന സായ്പിന് പാര്‍ട്ടി കൊടുത്തത്. വര്‍ഷങ്ങളായി നമ്പര്‍ 10 ജന്‍പഥിലെ അടുക്കളക്കാര്യം നോക്കുന്ന പലര്‍ക്കും നിഷേധിക്കപ്പെട്ട ആനുകൂല്യം. ടിയാന്‍ മുമ്പ് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റതാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള യോഗ്യതയെന്ന ന്യായീകരണം കോണ്‍ഗ്രസ്സുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിച്ചുതോറ്റ കോണ്‍ഗ്രസ്സുകാരെ എത്ര വേണമെങ്കിലും കിട്ടുമായിരുന്നു. എന്നിട്ടാണ് എങ്ങാണ്ടോ മത്സരിച്ച് കെട്ടിവെച്ചതുപോയത് വലിയ യോഗ്യതയായി കൊണ്ടുനടക്കുന്നത്. എന്താ, യു.എന്നില്‍ നിന്നുവരുന്ന വിശുദ്ധപശുക്കള്‍ക്ക് കൊമ്പുണ്ടോ?



തിരുവനന്തോരത്ത് ഗതി പിടിക്കില്ലെന്നാണ് സമാധാനിച്ചിരുന്നത്. കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചാല്‍പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന നിലവന്നാല്‍ പിന്നെയെന്ത് ചെയ്യും. പോട്ടെ, അങ്ങനെ ജയിച്ച ഡസന്‍ ആളുകള്‍ തേരാപാരാ നടക്കുമ്പോഴാണ് തരൂരിനെ മന്ത്രിയാക്കിയത്. അതും തങ്കപ്പെട്ട അസ്സല്‍ നായന്മാര്‍ വേറെ നില്‍ക്കുമ്പോള്‍..... എന്തൊരു അതിക്രമം. ഹൈക്കമാന്‍ഡ് യശ്മാനന്മാര്‍ക്ക് അവരുടെ അവിവേകത്തിന് നല്ല പ്രതിഫലം കിട്ടിയല്ലോ. വിശുദ്ധപശുക്കളെന്ന് പരിഹസിച്ചു തരൂര്‍. വിശുദ്ധരാണെങ്കിലും അല്ലെങ്കിലും പശുക്കളും കന്നുകാലികള്‍തന്നെ. പശുവിനെ ഗോമാതാ എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസ് മാതായെ പശുവെന്ന് വിളിച്ചുകൂടാത്തതായിരുന്നു. തരൂര്‍ വലിയ എഴുത്തുകാരനൊക്കെ ആയിരിക്കാം. സേക്രഡ് കൗവും കേറ്റ്ല്‍ക്ലാസ്സുമെല്ലാം വലിയ തമാശയും ആയിരിക്കാം. പക്ഷേ, കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തന്നെ തമാശ നിരോധിച്ചതാണ് എന്നറിയാതെ ഒരാള്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയില്ല. വിശുദ്ധപശുക്കള്‍ക്ക് കന്നുകാലികളെക്കുറിച്ച് തമാശ പറയാമെങ്കിലും വിശുദ്ധപശുക്കളെക്കുറിച്ച് മറ്റാരും തമാശപറയാന്‍ പാടില്ല. തുല്യതയെക്കുറിച്ചൊന്നും തെറ്റിദ്ധാരണകള്‍ പാടില്ല. എല്ലാ കന്നുകാലികളും തുല്യരാണ്, ചില കന്നുകാലികള്‍ കൂടുതല്‍ തുല്യരാണ്. അവരെയാണ് വിശുദ്ധപശുക്കള്‍ എന്ന് വിളിക്കാറുള്ളത്.



വരള്‍ച്ചയും വിലക്കയറ്റവും നേരിടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ്സുകാര്‍ ചെലവുചുരുക്കുന്നതെന്ന് കേട്ടു. ചെലവുചുരുക്കുന്നതിന്റെ പേരിലാണല്ലോ ഈ പുക്കാറെല്ലാം. ചെലവുചുരുക്കിയാല്‍ മഴ പെയ്യുമെന്നോ വില കുറയുമെന്നോ പ്രണബ് മുഖര്‍ജി ബജറ്റില്‍ എഴുതി വെച്ചതായി കേട്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരം എം.പി.മാര്‍ ശമ്പളത്തില്‍ ഇരുപതുശതമാനമാണ് കുറവുവരുത്തുന്നത്. എം.പി.മാരുടെയെല്ലാം ശമ്പളം മുഴുവന്‍ കൂട്ടിയാലും രാഹുല്‍ ഗാന്ധിക്ക് ഒരുമാസം ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കാനുള്ള വാടക തികയില്ല. ഒരു മണിക്കൂര്‍ ഹെലിക്കോപ്റ്റര്‍ വാടക ഒന്നരലക്ഷം രൂപയാണ്. തീവണ്ടിയില്‍ സഞ്ചരിച്ച് 450 രൂപ ചെലവുചുരുക്കിയ ശേഷമാണ് രാഹുല്‍ തമിഴ്‌നാട്ടില്‍ അനേക മണിക്കൂറുകള്‍ ഹെലിക്കോപ്റ്ററില്‍ കറങ്ങിയത്. തീവണ്ടിയില്‍ സഞ്ചരിച്ചത് വാര്‍ത്തയാകാനും ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ചത് വാര്‍ത്തയാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.



തരൂര്‍ ഇപ്പോഴും വാഷിങ്ടണിലും ലണ്ടനിലും ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിലാണ് കറങ്ങുന്നത്. ഭൂമിയിലേക്ക് ഇപ്പോഴും ഇറങ്ങിവന്നിട്ടില്ല. അതുകൊണ്ടാണ് ഇവിടത്തെ രീതികള്‍ മനസ്സിലാകാത്തത്. ന്യൂയോര്‍ക്ക് വേറെ; ന്യൂഡല്‍ഹി വേറെ. ഈ തവണ വിശുദ്ധപശുക്കളുടെ കാലില്‍ വീണെങ്കിലും മന്ത്രിസ്ഥാനം രക്ഷിച്ചെടുക്കണം. അതിനുശേഷം ഉമ്മന്‍ചാണ്ടിയുടെ അടുത്തോ വയലാര്‍ രവിയുടെ അടുത്തോ ഒരു മാസത്തെ ക്രാഷ് കോഴ്‌സിന് ചേരണം. എങ്കില്‍ എങ്ങനെ പുതിയ ഖദര്‍ഷര്‍ട്ട് കീറിയും അംബാസഡറില്‍ സഞ്ചരിച്ചും മഹാത്മാ ഗാന്ധിയാകാം എന്ന് പഠിച്ചെടുക്കാനാകും. ഒരുദിവസം തിരുവനന്തപുരത്ത് ട്രെയിനില്‍ വന്നിറങ്ങി സൈക്കിളില്‍ അര കിലോമീറ്റര്‍ സഞ്ചരിച്ച് ചാനല്‍വാര്‍ത്തയില്‍ നായകനായാല്‍ ചെലവ് ചുരുക്കലിന്റെ പ്രശ്‌നം പിന്നെ ഉദിക്കില്ല, എത്ര വേണമെങ്കിലും ചെലവഴിക്കാം. ദേശീയ നേതാവാകുകയും ചെയ്യാം.





                                                                                  ****





എന്തെല്ലാം മുന്‍കരുതലെടുത്താലും ചിലപ്പോള്‍ കുഴിയില്‍ വീഴാം. അരനൂറ്റാണ്ട് അനുഭവമുള്ളവരും വീഴും. മുംബൈ ഭീകരാക്രമണത്തില്‍ പൊരുതി മരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌നന്റെ വീട്ടില്‍ പോയതിനെത്തുടര്‍ന്നുണ്ടായ വിവാദം ആരും മറക്കാനിടയില്ല. ഭരിക്കുന്നവരോടു മുഴുവനുമുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ സന്ദീപിന്റെ അച്ഛന്‍ പറഞ്ഞത് ഒരു പട്ടിയും വീട്ടിലോട്ട് വരേണ്ട എന്നായിരുന്നു. അതിനെ കുറിച്ചാണ് പത്രക്കാര്‍ മുഖ്യമന്ത്രി വി.എസ്സിനോട് ചോദിച്ചതും. \'\'സന്ദീപിന്റെ വീടായതുകൊണ്ടാണല്ലോ പോകുന്നത്. അല്ലെങ്കില്‍ ഒരു പട്ടിയും പോകില്ലല്ലോ\'\' എന്നത് നല്ലമറുപടിയോ എന്നത് മറ്റൊരു പ്രശ്‌നം. പക്ഷേ, ചോദ്യത്തിനാണ് മറുപടി. ചോദ്യമില്ലാതെ മറുപടി മാത്രമെടുത്താല്‍ സംഗതി ക്രൂരം. ചോദ്യവും കൂടിച്ചേര്‍ത്താല്‍ ക്ഷന്തവ്യം. 83-ാം വയസ്സിലാണ് വി.എസ്. ഈ കുഴിയില്‍ വീണത്. ഒരുവിധം പിടിച്ചുകയറി.



കേരളത്തിലേക്ക് കന്നുകാലിക്ലാസ്സിലാണോ ഇനി പോവുക എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ട്വിറ്ററില്‍ ശശി അതേ, വിശുദ്ധപശുക്കളെ മാനിച്ച് കന്നുകാലിക്ലാസ്സില്‍ യാത്ര ചെയ്യും എന്ന് എഴുതിയത്. പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയാത്തവര്‍ക്കുപോലും ക്ഷമിക്കാവുന്ന തെറ്റുമാത്രം. രാഷ്ട്രീയത്തില്‍ പക്ഷേ, ഒരാളെ വെട്ടിവീഴ്ത്താന്‍ കിട്ടുന്ന ആദ്യത്തെ ചാന്‍സ് ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് അവസരം കിട്ടിയെന്ന് വരില്ല. ആ ആള്‍ വളര്‍ന്ന് നമ്മെ ഇങ്ങോട്ട് വെട്ടുന്ന സ്ഥിതിയും ഉണ്ടായേക്കും. അതുകൊണ്ട് അവസരം പാഴാക്കേണ്ട. വെട്ട് നടക്കട്ടെ.



                                                             ****

ഒരു പ്രസിദ്ധീകരണം ക്രമസമാധാനപാലനത്തിനുള്ള ഒന്നാംറാങ്ക് കേരളത്തിന് നല്‍കിയതിലുള്ള അത്യാഹ്ലാദത്തിലാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍. അതിന്റെ അങ്കലാപ്പിലാണ് പ്രതിപക്ഷം. എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തങ്കച്ചനും സ്ഥിതിവിവരക്കണക്ക് വാരിവിതറുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൊണ്ട് തെളിയിക്കാനാവാത്തതായ യാതൊന്നും ഭൂമിയിലില്ല.



ക്രമസമാധാനമെന്നത് ആഭ്യന്തരമന്ത്രി സെക്രട്ടേറിയറ്റിലിരുന്ന് ഫോണ്‍വിളിച്ചും ഫയലിലൊപ്പുവെച്ചും ഉണ്ടാക്കുന്ന എന്തോ ആണെന്ന ധാരണയാണ് രണ്ടുപക്ഷത്തിനുമുള്ളത്. ഒരുപക്ഷം തോറ്റ് മറ്റേപക്ഷം വരുമ്പോള്‍ സ്വിച്ചിട്ടതുപോലെ ക്രമസമാധാനനിലവാരം തകരുകയോ ഉയരുകയോ ചെയ്യുമെന്നവര്‍ കരുതുന്നു. ക്രമസമാധാനനില പോലെ കുറഞ്ഞ നിരക്ഷരതയും ഉയര്‍ന്ന ആയുസ്സും ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസവുമടക്കം കേരളത്തിന് പല രംഗത്തും അവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും കിണഞ്ഞുശ്രമിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത ക്രമസമാധാനം പോലെയാണ് ഈ നേട്ടങ്ങളെല്ലാം



ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടിയ മദ്യപാനനിരക്ക്, ഏറ്റവും ഉയര്‍ന്ന ട്രാഫിക് അപകടനിരക്ക്, ഏറ്റവും ഉയര്‍ന്ന പരിസരമലിനീകരണം, ഏറ്റവും കൂടിയ പകര്‍ച്ചവ്യാധി നിരക്ക് തുടങ്ങിയവയ്ക്കും പ്രസിദ്ധീകരണങ്ങള്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. എങ്കില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉള്ളവര്‍ക്ക് ഒപ്പം പോയി ഏറ്റുവാങ്ങാന്‍ പറ്റിയേനെ.

indran.npr@gmail.com
മാധ്യമ ചാവേര്‍




പാര്‍ട്ടി സ്വതന്ത്രര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നതും അതിവേഗം വംശനാശം സംഭവിക്കുന്നതുമായ വിചിത്രവര്‍ഗത്തില്‍ പെട്ട ആളായിരിരുന്നു ഡോ സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടി സ്വതന്ത്രന്‍ എന്ന പ്രയോഗം, വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും എന്ന അലങ്കാരത്തിലാണ് പെടുക. പാര്‍ട്ടിയിലുള്ളവന്‍ സ്വതന്ത്രനാവുന്ന പ്രശ്‌നം ഉദിക്കുന്നില്ല. സ്വതന്ത്രന് പാര്‍ട്ടിയുണ്ടാകാനും പറ്റില്ല. പിന്നെയെന്ത് പാര്‍ട്ടി സ്വതന്ത്രന്‍ ?



പാര്‍ട്ടി മേമ്പ്ര്മാരല്ലാത്ത ചിലരെ ചില ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളാക്കേണ്ടി വരും. പഞ്ചായത്തെന്നോ പാര്‍ലമെന്റെന്നോ ഉളള വ്യത്യാസം ഇക്കാര്യത്തിലില്ല. കൊടിയും വടിയുമൊക്കെ കൊടുക്കും. പക്ഷേ പാര്‍ട്ടിയുടെ ചിഹ്നം കൊടുക്കില്ല. പാര്‍ട്ടിയുടെ സൗഭാഗ്യചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവുമായി മത്സരിച്ചാല്‍ പച്ച തൊടില്ല എന്നുറപ്പുള്ളേടത്താണ് മിക്കപ്പോഴും ഇത്തരക്കാരെ നിര്‍ത്തുക. ഇവരാണ് പാര്‍ട്ടി സ്വതന്ത്രര്‍. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് തെറിച്ചുവീഴുന്ന ചിലരെയും ഇങ്ങനെ സ്വതന്ത്രവേഷം കെട്ടിച്ച് അടിമകളാക്കാറുണ്ട്. ജാതിയോ മതമോ നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് പാര്‍ട്ടിയുടെ ആദര്‍ശത്തിന് നിരക്കില്ല എന്നറിയാമല്ലോ. ജയിക്കാന്‍ വേണ്ടി ഇത്തരം തരം താണ പണികള്‍ ചെയ്യുക ജീര്‍ണിച്ച ബൂര്‍ഷ്വാപാര്‍ട്ടികളാണ്. പിന്നെ ഡോ സെബാസ്റ്റ്യന്‍ പോളിനെയും ടി.കെ.ഹംസയെയും ലോനപ്പന്‍ നമ്പാടനെയും ആലപ്പുഴയില്‍ ഡോ മനോജിനെയും ടി.കെ.ജലീലിനെയും ചെറിയാന്‍ ഫിലിപ്പിനെയും പോലുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതെന്തിന് എന്ന്, പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാത്തവര്‍ ചോദിച്ചേക്കും. ജയിക്കാനോ ഭരിക്കാനോ ഉള്ള അത്യാഗ്രഹം കൊണ്ടല്ല പാര്‍ട്ടി അങ്ങനെ ചെയ്യാറുള്ളത്. മനസ്സിലാക്കുക, ബൂര്‍ഷാവൈതാളിക എതിരാളികള്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ഇത്തരക്കാരെ പാര്‍ട്ടി നിര്‍ത്താറുള്ളത്്്

.

അങ്ങനെ ജയിക്കുന്നവരില്‍ അപൂര്‍വം ചിലര്‍ ഒരു വ്യാമോഹരോഗത്തില്‍ പെട്ടുപോകാറുമുണ്ട്. ജാതിയും മതവുമൊന്നും നോക്കിയല്ല, അങ്ങയെപ്പാലൊരു മഹാപ്രതിഭ ഇല്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു കാലിത്തൊഴുത്ത് പോലെ ദരിദ്രമായിപ്പോകുമെന്നും മറ്റും പറഞ്ഞുപറഞ്ഞ് ഒടുവില്‍ സ്ഥാനാര്‍ഥിതന്നെ അത് വിശ്വസിക്കുന്ന നില വരും. അത്തരം വ്യാമോഹങ്ങളൊന്നുമില്ലാത്ത മിക്ക സ്വതന്ത്രരും ചുരുങ്ങിയ കാലം കൊണ്ട് സ്വതന്ത്രവേഷം ഉപേക്ഷിച്ച് അച്ചടക്കമുള്ള പാര്‍ട്ടിയംഗമായി മാറാറുണ്ട്. പാര്‍ട്ടി സ്വതന്ത്രനെന്നത് ഒരു ഇടക്കാല വേഷം മാത്രമാണെന്ന് അവര്‍ക്കറിയാം. അതറിയാത്തവര്‍ക്ക് പിന്നീട് പാര്‍ട്ടിയുണ്ടാവില്ല, ആ വേഷമേ ഉള്ളൂ എന്ന നില വരും.



മറ്റൊരു ഇനം വ്യാമോഹമാണ് ഡോ പോളിനെ പിടികൂടിയത്. ആളൊരു മാധ്യമവിശാരദനാണ്. സമ്മതിച്ചു. ആട്ടെ, അത്തരം വിശാരദന്മാര്‍ എന്താണ് ചെയ്യേണ്ടത് ? സ്വതന്ത്രവേഷം തിരഞ്ഞെടുപ്പിലേ വേണ്ടൂ, പാര്‍ട്ടി മാധ്യമത്തിലെത്തിയാല്‍ അതഴിച്ച് ചുമരില്‍ കൊളുത്തിയിടണം. ഏത് വേഷത്തേക്കാളും പ്രധാനം പാര്‍ട്ടിവേഷമാണ് എന്നറിയണം. ആസ്ഥാന മാധ്യമ വിശാരദന്മാരുടെ പണി മാധ്യമസിന്‍ഡിക്കേറ്റ് പോലുള്ള ക്ഷുദ്രജീവികളൈ നേരിടുകയാണ്. ട കത്തിയെങ്കില്‍ അത്, ഠ കത്തിയെങ്കില്‍ അത് - പ്രാകൃതായുധങ്ങളുമായി സദാ പാര്‍ട്ടിയുടെ കോലായയില്‍ നിലയുറപ്പിക്കണം. പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, അകത്തുള്ളവര്‍ ആരെങ്കിലും അനുസരണക്കേട് കാട്ടുകയോ കാട്ടുമെന്ന് സംശയം തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെയും തല്‍ക്ഷണം കൈകാര്യം ചെയ്യണം. രാവിലെ പത്രം വായിച്ച ഉടനെ പണി തുടങ്ങിക്കൊള്ളണം. ഫോണില്‍ കൊടുക്കേണ്ടവര്‍ക്ക് അങ്ങനെയും കൊടുക്കാം. പാര്‍ട്ടി സഹയാത്രികനല്ലേ വല്ലതുമൊക്കെ പറഞ്ഞോട്ടെ എന്നുള്ള ഔദാര്യമൊന്നും വേണ്ട. പാര്‍ട്ടിയുടെ വായ്പ്പാട്ടില്‍ ഒറ്റ സ്വരമേ പാടുള്ളൂ. തന്റെ സ്വരം വേറിട്ട് കേള്‍ക്കണമെന്ന് ആരും ആഗ്രഹിക്കരുത്. അത്തരക്കാരെ പിടിച്ച് ഉടന്‍ നാക്കരിയണം, കൈവെട്ടണം.



വേറിട്ട ചാനലില്‍ മാധ്യമവിചാരം നടത്താന്‍ ഏല്പ്പിച്ചിട്ടും, വേറിടാത്ത പാര്‍ട്ടിപത്രത്തില്‍ എഡിറ്ററാക്കിയിട്ടുമൊന്നും പഠിക്കേണ്ടത് പഠിച്ചില്ല ഡോ പോള്‍. എടോ ഗോപാലകൃഷ്ണന്മാരുടെ അസുഖമാണ് ഡോ പോളുമാരെയും പിടികൂടാറുള്ളത്. തങ്ങള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്മാരാണെന്നും നാട് നന്നാക്കലാണ് തങ്ങളുടെ ചുമതലയെന്നും അവര്‍ ധരിച്ചുകളയും. അതിനല്ലല്ലോ അവരെ വലിയ സ്ഥാനങ്ങളില്‍ കൊണ്ടുപോയിരുത്തുന്നത്. സ്വതന്ത്ര പാര്‍ട്ടിപ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം. ചിലപ്പോള്‍ ക്രൈം മാഗസീനുകാരന്റെ ഓഫീസ് ആക്രമിക്കേണ്ടിവരും, ചിലപ്പോള്‍ ബൂര്‍ഷ്വാമാധ്യമക്കാരനെ വെള്ള പുതച്ചു കിടത്തേണ്ടി വരും, ചിലപ്പോള്‍ മാധ്യമസിന്‍ഡിക്കേറ്റിനെ തച്ചുതകര്‍ക്കേണ്ടിവരും. അപ്പോള്‍ അതിനെ ന്യായീകരിച്ച് ലേഖനം നിര്‍മിക്കുകയാണ് വേണ്ടത്. അല്ലാതെ അതില്‍ പ്രതിഷേധിക്കാനും പ്രസ്താവനയിറാനും നടക്കുകയല്ല. കളി മാറും.



പാര്‍ട്ടിയുടെ മാധ്യമചാവേര്‍ ആകാനൊന്നും താനില്ലെന്നാണ് ഡോ പോള്‍ പറഞ്ഞത്. പാര്‍ട്ടിമാധ്യമത്തില്‍ അത്തരക്കാര്‍ ഉണ്ടെന്നൊരു തെറ്റിദ്ധാരണയാണ് ഇതുണ്ടാക്കുക. ഒരു ലക്ഷ്യത്തിന് വേണ്ടി ജീവന്‍ വെടിയുന്നവനാണ് ചാവേര്‍. വെറുതെ മാധ്യമോപജീവികളെ പൊലിപ്പിക്കരുത്. അവരാരും ജീവന്‍ വെടിയുകയില്ല, ജീവിച്ചുപോവുകയേ ഉള്ളൂ. കിട്ടുന്നത് വാങ്ങി പറഞ്ഞ പണി ചെയ്യും. മുത്തൂറ്റ് പോള്‍ , വിന്‍സെന്റ് പോള്‍, സെബാസ്റ്റ്യന്‍ പോള്‍ പരമ്പരയില്‍ പോളിങ് കൂടി വരുമ്പോള്‍ ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് ഇവിടെ ഉചിതം. പൊതുമരാമത്ത് കരാര്‍ പരസ്യങ്ങളില്‍ മാത്രം മുമ്പ് കണ്ടിരുന്ന പദം



പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഒരു ഉപജാപക സംഘത്തിന്റെ സ്വാധീനത്തിലാണെന്ന കണ്ടുപിടുത്തത്തിനും പാറ്റന്റ്് കിട്ടുമെന്ന് തോന്നുന്നില്ല. നാടുവാഴി അറിയാതെ ഗൂഡാലോചന നടത്തി അധികാരം പ്രയോഗിക്കുന്നവരാണ് ഉപജാപകര്‍. ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ല. നാടുവാഴിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്്. അതനുസരിച്ച് പ്രവര്‍ത്തിക്കുയേ സംഘത്തിലുള്ളവര്‍ ചെയ്യേണ്ടൂ. ഒരേസമയം ഉപജാപകനും ക്വട്ടേഷന്‍ സംഘാംഗവുമാകാന്‍ പ്രയാസമുണ്ട്. പാര്‍ട്ടിമാധ്യമത്തിലെ ഈ സംഘാഗങ്ങള്‍ക്ക് ബ്രാഞ്ച് മെമ്പറേക്കാള്‍ ആവേശവും അത്രതന്നെ വിവരവും ഉള്ളതുകൊണ്ട് വഴിയേ പോകുന്ന സകലരുടെയും ചെപ്പക്കുറ്റിക്ക് അടിക്കുമെന്നേ ഉള്ളൂ. അങ്ങനെ പാര്‍ട്ടി യശ്മാനന് ഓരോ ദിവസവും എമ്പാടും ശത്രുക്കളെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. വേറെ ഉപദ്രവമൊന്നുമില്ല.



                                                                      ****

ചൈനയില്‍ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്ന് ഇവിടത്തെ കമ്യൂണിസ്റ്റുകാരെ ഞോണ്ടുക ബൂര്‍ഷ്വകളുടെ പതിവ് വിനോദമാണ്. ഒരു കാര്യത്തില്‍ സി.പി.എം. ചൈനീസ് പാര്‍ട്ടിയെ കടത്തിവെട്ടിയത് ഈ ബുദ്ധിജീവികളൊന്നും കണ്ടില്ല, കണ്ടവരൊന്നും മിണ്ടിയില്ല. പാര്‍ട്ടി നേതാക്കളും ഭരണസ്ഥാനങ്ങളിലിരിക്കുന്ന പാര്‍ട്ടി അംഗങ്ങളും തങ്ങളുടെ സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ചൈനീസ് പാര്‍ട്ടി തീരുമാനിക്കും മുമ്പ് നമ്മുടെ സി.പി.എം. തീരുമാനിച്ചു. ചില്ലറ കാര്യമാണോ ഇത് ?



ഇതിന്റെ പേരില്‍ അഭിനന്ദിച്ചില്ലെന്നത് പോകട്ടെ, അതും പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുകയാണ് വിരുദ്ധന്മാര്‍ ചെയ്തത്. സമ്പാദിക്കുകയെന്നത്് സഖാക്കള്‍ സംസ്കാരമാക്കി മാറ്റിയെന്നുവരെ അവര്‍ പരിഹസിച്ചു. അഴിമതിയുടെയും സ്വത്ത് സമ്പാദ്യത്തിന്റെയും മേഖലയില്‍ ചൈനീസ് പാര്‍ട്ടി എവിടെയെത്തിയെന്നതിനെക്കുറിച്ചൊന്നും അവര്‍ക്ക് പറയാനില്ല.



കുറച്ചുകാലത്തിനിടയില്‍ 9000 പാര്‍ട്ടി ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയതായി പാര്‍ട്ടി രേഖയില്‍ പറയുന്നുണ്ടെന്നാണ് ചൈന ഡെയ്‌ലി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. \'78 നും 2003 നുമിടയില്‍ അഴിമതിക്കാരായ 4000 പാര്‍ട്ടി ഉദ്യോഗസ്ഥര്‍ അയ്യായിരം കോടി ഡോളറുമായി വിദേശത്തേക്ക് ഒളിച്ചോടിയെന്ന് വാണിജ്യവകുപ്പിന്റെ റിപ്പാര്‍ട്ടില്‍ പറയുന്നതായും ആ റിപ്പോര്‍ട്ടിലുണ്ട്. യാഥാര്‍ഥ തുക ഇതിന്റെ പല മടങ്ങ് വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നതായും രണ്ടായിരത്തി മൂന്നിന് ശേഷം ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 8.8 ലക്ഷം വരുമെന്നും ആ പത്രത്തിലുണ്ട്. ബൂര്‍ഷ്വാ പത്രമല്ലെന്നത് ആശ്വാസം. ചൈനയുടെ നാലയലത്ത് നമ്മെ എത്തിക്കാനുള്ള കഴിവ് ഇവിടത്തെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമില്ല എന്ന് വ്യക്തം. കോണ്‍ഗ്രസ്സാര്‍ വിചാരിച്ചാലേ വല്ലതും നടക്കൂ്.

                                                            ****

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ എണ്ണം കുറക്കാനുളള എല്ലാ ശ്രമങ്ങളെയും എതിര്‍ത്തുപരാജയപ്പെടുത്തണം. അറുപതുവര്‍ഷമായി നമ്മള്‍ പരിശ്രമിക്കുന്നതും അവരുടെ എണ്ണം കൂട്ടാനാണല്ലോ. പരമാവധി ആളുകളെ ദരിദ്രരാക്കി നിലനിര്‍ത്തുകയാണ് ദേശീയ നയം. ബി.പി.എല്‍ രേഖക്ക് കീഴില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കാന്‍ ദേശീയ പാര്‍ട്ടികള്‍ കഠിനശ്രമം നടത്തുന്നുണ്ട്. ഗരീബി ഹഠാവോയും ദാരിദ്ര്യനിര്‍മാര്‍ജനവും അന്ത്യോദയയും ഐ.ആര്‍.ഡി.പി.യുമെല്ലാം നടപ്പാക്കിയത് ദരിദ്രരുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണല്ലോ. കേരളത്തില്‍ അറുപത് വര്‍ഷത്തില്‍ പാതി വീതം രണ്ടുമുന്നണികളും ഓഹരി വെച്ചാണ് ഭരിച്ചത്. അത് ദരിദ്രര്‍ കുറയാതിരിക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.



സെല്‍ ഫോണ്‍ ഉള്ളവരെ ബി.പി.എല്‍ ആയി കണക്കാക്കാനാവില്ലെന്ന് ഏതോ ജനദ്രോഹിയായ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുത്തതായി റിപ്പോര്‍ട്ടുണ്ട്. സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ഭിക്ഷക്കാര്‍ വരെയുള്ള രാജ്യത്ത് ഇത്തരമൊരു നിര്‍ദ്ദേശം ഒരു കാരണവശാലും സ്വീകരിക്കരുത്. ഇപ്പോള്‍ 13.37 ശതമാനമാളുകളേ കേരളത്തില്‍ ബി.പി.എല്‍ ആയുള്ളൂ എന്നൊരു കള്ളറിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് 23 ശതമാനമാക്കി ഉയര്‍ത്താനുള്ള ഏര്‍പ്പാട് ചെയ്തുകഴിഞ്ഞു. ചുരുങ്ങിയത് 35 ശതമാനമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോര, ക്രമേണ എല്ലാവരെയും ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ കൊണ്ടുവരണം. ടാറ്റ ബിര്‍ല അംബാനി പോലുള്ള ദുഷ്ടന്മാരെ മാത്രമേ രേഖയ്ക്ക് മുകളില്‍ നടക്കാന്‍ സമ്മതിക്കാവൂ. അവരും അതിനെ ചോദ്യം ചെയ്യുമോ എന്നറിയില്ല.

indran.npr@gmail.com
ആഭ്യന്തര കലഹം




കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉപ/സഹ മന്ത്രിമാരുടെ പ്രധാന നേരമ്പോക്ക് സംസ്ഥാനങ്ങളില്‍പോയി കഴിയാവുന്നത്ര ആഭ്യന്തരപ്രശ്‌നമുണ്ടാക്കുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും പോയി പ്രശ്‌നമുണ്ടാക്കുന്നത് മോശമായതുകൊണ്ട് അതു ചെയ്യാറില്ല. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു കാരണവശാലും പോയിക്കൂടാത്തതാണ്. പോയാല്‍ത്തന്നെ യാതൊന്നും മിണ്ടിക്കൂടാത്തതുമാണ്. കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നല്ല മേച്ചില്‍പ്പുറങ്ങള്‍. അവിടെ പോയാല്‍ മേല്‍കീഴ് നോക്കേണ്ടതില്ല. ക്രമസമാധാനം തകര്‍ന്നു എന്നു തുടങ്ങി ഇവിടെയൊരു ഭരണമുണ്ടോ എന്നുവരെയുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഭീഷണികളും നടത്താം. മറുപടിക്ക് മറുപടിപറയാന്‍ കുറച്ച് പോലീസ് സ്ഥിതിവിവരക്കണക്കുകള്‍ കൈയില്‍ വെക്കുന്നത് നന്നാവും; ഇല്ലെങ്കിലും തകരാറില്ല.

അമ്പത്തേഴ് കാലത്തുതന്നെ തുടങ്ങിയിരുന്നു ആഭ്യന്തരത്തെച്ചൊല്ലിയുള്ള ഈ കലഹം. അന്ന് സംഗതി എളുപ്പമായിരുന്നു. കേരളത്തിനുമേല്‍ മാത്രമേ മേല്‍ നോട്ടം ആവശ്യമായിരുന്നുള്ളൂ. വേറെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിന്റെ തന്നെ ഭരണത്തിലായിരുന്നു. അറുപത്തേഴായപ്പോഴേക്ക് പിടിപ്പതു പണിയായി. കേരളവും തമിഴ്‌നാടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേറെയും പ്രതിപക്ഷ കൂട്ടുകക്ഷികളുടെ ഭരണത്തിലായി. ആഭ്യന്തരം നോക്കാനൊന്നും അവിടെ ഭരിക്കുന്നവര്‍ക്ക് സമയമുണ്ടായിരുന്നില്ല. കാലുമാറ്റത്തിലായിരുന്നു ശ്രദ്ധ-രാവും പകലും. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷികളെല്ലാം പ്രതിപക്ഷത്തായിരുന്നതുകൊണ്ട് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല കേന്ദ്രത്തിന്-വീഴാന്‍ സാധ്യതയുള്ളതിനെയെല്ലാം വീഴ്ത്താമായിരുന്നു.

പില്‍ക്കാലത്ത് സംഗതികള്‍ അത്ര എളുപ്പമായിരുന്നില്ല. കേന്ദ്രത്തിലെ ഭരണത്തെ പിന്താങ്ങുന്ന കക്ഷി സംസ്ഥാനത്ത് ഭരണം നടത്തുക, ആ കേന്ദ്രഭരണകക്ഷി സംസ്ഥാനത്ത് ഒന്നാം നമ്പര്‍ പ്രതിപക്ഷമാവുക. കുഴഞ്ഞില്ലേ കേസ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഈ ഊരാക്കുടുക്കില്‍നിന്ന് തലയൂരാറുള്ളത് ഒരു വിദ്യ പ്രയോഗിച്ചുകൊണ്ടാണ്. അത്തരം സംസ്ഥാനങ്ങളില്‍ അബദ്ധത്തില്‍പ്പോലും ചെന്നിറങ്ങുകയില്ല. ഇറങ്ങേണ്ടിവന്നാല്‍ത്തന്നെ മാധ്യമക്കാരെ കാണുകയില്ല, കണ്ടാല്‍ത്തന്നെ മുന്‍കരുതലായി ചുണ്ടുകളില്‍ ടേപ്പ് ഒട്ടിച്ചിരിക്കും. സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുമുമ്പ് അവിടത്തെ കക്ഷിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ വിവരം പാര്‍ലമെന്ററികാര്യമന്ത്രിയെയോ പാര്‍ട്ടിസെക്രട്ടറിയെയോ കണ്ട് ശേഖരിച്ച് മനഃപാഠം പഠിക്കാറുമുണ്ട്. അബദ്ധം വല്ലതുംപറഞ്ഞാല്‍ സംസ്ഥാനകക്ഷി പ്രകോപിതരായി കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കും. അതോടെ തീരും എല്ലാ ഇടപാടും.

ഈ കേന്ദ്ര-സംസ്ഥാന പോര് ഇത്രയും കാലം കണ്ടുകൊണ്ടിരുന്ന കന്നുകാലിജനം ധരിച്ചിരുന്നത് സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തിന്റെ മേല്‍നോട്ടം കേന്ദ്രത്തിലെ ആഭ്യന്തര സഹ/ഉപ മന്ത്രിമാരുടെ ചുമതലയാണെന്നാണ്. ഭരണഘടന വായിച്ചുനോക്കിയിട്ടുള്ളവര്‍ പറയുന്നത് അങ്ങനെയൊന്നും ഗ്രന്ഥത്തിലില്ല, ക്രമസമാധാനം സംസ്ഥാനവിഷയമാണ് എന്നാണ്. ക്രമസമാധാനം അറുവഷളായ സംസ്ഥാനങ്ങളിലെ മന്ത്രിസഭയെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരമുള്ള കാലത്തോളം ഇതിനെക്കുറിച്ച് തര്‍ക്കിച്ചിട്ടു കാര്യമില്ല - ക്രമസമാധാനത്തില്‍ കേന്ദ്രന്‍ തലയിടും. പിരിച്ചുവിടലൊന്നും നടക്കില്ലെങ്കിലും ഒന്ന് പേടിപ്പിച്ചുവിടാമല്ലോ. കേന്ദ്രന്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനം കേമമാണെന്നാകും നമ്മുടെ ധാരണ. പലേടത്തും പട്ടാളത്തിനു വഴിനടക്കാന്‍ പറ്റില്ലെന്നതാണ് സത്യം. പക്ഷേ, അതുനോക്കാന്‍ വേറെയാര്‍ക്കും അധികാരമില്ലെന്നത് വലിയ സൗകര്യമാണ്. എന്തായാലും, ബ്രഹ്മാനന്ദറെഡ്ഡിമാരും യോഗേന്ദ്ര മക്വാനമാരും ഓംമേത്തമാരും ചെയ്തുകൊണ്ടിരുന്ന ഭരണഘടനാബാഹ്യ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിയേ നമ്മുടെ നാട്ടുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചെയ്യുന്നുള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നുമില്ല.

മുല്ലപ്പള്ളിക്ക് ഒരു സൗകര്യമുണ്ട്. കൃത്യം ആഭ്യന്തര സഹവകുപ്പുതന്നെ കൈയില്‍ കിട്ടി. ഏറെ കാത്തിരുന്നിട്ടാണ് ഇത്. വകുപ്പുകിട്ടിയാലും പോരല്ലോ, അത് കൈവശമുള്ള കാലത്ത് സംസ്ഥാനത്ത് സി.പി.എം. നേതൃത്വത്തിലുള്ള ഭരണമുണ്ടാകുകയും വേണമല്ലോ. അതും തരമായി. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ് മുല്ലപ്പള്ളി കേന്ദ്രത്തില്‍ സഹന്‍ ആവുന്നതെങ്കില്‍ മുല്ലപ്പള്ളിയുടെ പേര് പത്രത്തില്‍ വരുന്നത് പാര്‍ലമെന്റില്‍ വല്ല ചോദ്യത്തിനും മറുപടി പറയാന്‍ ചാന്‍സ് കിട്ടിയാല്‍ മാത്രമായിരിക്കും. കേരളത്തില്‍ വരുന്നത് ലോകനാര്‍കാവിലെഉത്സവം കാണാനോ മറ്റോ മാത്രമാകും. ചരിത്രപരമായ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈയിടെ കേരളത്തില്‍ വന്ന് ഇവിടത്തെ ഗുണ്ടകളുടെ സെന്‍സസ് കണക്കുകള്‍ ശേഖരിച്ചത്. പോള്‍ മുത്തൂറ്റ് എന്ന വാണിജ്യപ്രമുഖനെ ഒരു ഗുണ്ട വെറുതേ കൊലചെയ്തതിന്റെ തുടര്‍പ്രകമ്പനങ്ങള്‍ നടക്കുന്ന സമയമായതുകൊണ്ട് അതിനുപറ്റിയ അവസരവുമായി. പക്ഷേ, ചെറിയൊരു കല്ലുകടി വന്നുപെട്ടു. ഡല്‍ഹിയിലെ ഒരു മാധ്യമ സിന്‍ഡിക്കേറ്റുകാരന്‍ ആ സമയത്തുതന്നെ കേരളത്തിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നനെ വിളിച്ചുവരുത്തി ഏറ്റവുമധികം ക്രമസമാധാനം നിറഞ്ഞുതുളുമ്പുന്ന സംസ്ഥാനത്തിനുള്ള അവാര്‍ഡ് സമ്മാനിച്ചുകളഞ്ഞു.

 പഞ്ചായത്തുതോറും ഗുണ്ടകള്‍ ക്രമസമാധാനപാലനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ത്തന്നെ വേണമായിരുന്നോ ഇതെന്ന ചോദ്യം പ്രസക്തമാണ്. ഡല്‍ഹി മാധ്യമത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ ക്രമസമാധാനപാലനം നടത്തുന്നത് മാവോയിസ്റ്റുകളോ മറ്റേതെങ്കിലും ഇനം തീവ്രവാദികളോ അരാഷ്ട്രീയ അധോലോകക്കാരോ ഒക്കെ ആയതുകൊണ്ട് നല്ല രാഷ്ട്രീയബോധമുള്ള ചെറുകിട ഇടത്തരം ഗുണ്ടകള്‍ അക്രമപാലനം നടത്തുന്ന സംസ്ഥാനത്തിനു വേണമല്ലോ അവാര്‍ഡ് നല്‍കാന്‍. അവാര്‍ഡ് ദാതാക്കളില്‍ വലിയ രാഷ്ട്രീയബോധത്തിന്റെ ലക്ഷണമൊന്നും കാണുകയില്ല. യു.ഡി.എഫ്. ഭരിക്കുന്ന കാലത്തും കൊടുത്തിട്ടുണ്ട് ചിലര്‍ ഇത്തരം അവാര്‍ഡ്. അതു പറഞ്ഞുനടക്കാന്‍ പക്ഷേ, യു.ഡി.എഫിന് മടിയാണ്. ക്രമസമാധാനം ഇപ്പോഴും യു.ഡി.എഫ്. കാലത്തെ അത്ര ഭദ്രമെന്ന് സമ്മതിക്കലായിപ്പോകില്ലേ അത്? പറ്റില്ല.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്ന് 2002-ല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയതായി അന്നു വാര്‍ത്തയുണ്ടായിരുന്നു. പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ യോഗത്തില്‍ അവതരിപ്പിച്ചതായിരുന്നു റിപ്പോര്‍ട്ട്. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, കൊള്ള തുടങ്ങിയവയിലൊന്നും ദേശീയനിലവാരം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ല എന്ന് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജനസംഖ്യ നോക്കുമ്പോള്‍ കുറ്റകൃത്യനിരക്ക് കൊല്ലത്തില്‍ 1.6 ലക്ഷമെങ്കിലും വേണം, പക്ഷേ, ഇവിടെ 1.1 ലക്ഷമേ ഉള്ളൂ. കിണഞ്ഞ് ശ്രമിച്ചിട്ടും എന്തേ ലക്ഷ്യം നേടാനാവാത്തത് എന്നു വ്യക്തമല്ല. യു.ഡി.എഫ്. വിചാരിച്ചാലും എല്‍.ഡി.എഫ്. വിചാരിച്ചാലും ഒരു പരിധിക്കപ്പുറം ക്രമസമാധാനം തകര്‍ക്കാന്‍ പറ്റുന്നില്ലെന്നതുമാത്രമാണ് ആകപ്പാടെ മനസ്സിലാക്കാന്‍ കഴിയുന്നത്.

കേന്ദ്ര ആഭ്യന്തര സഹനും സംസ്ഥാന ആഭ്യന്തരനും തമ്മിലുള്ള ശീതയുദ്ധം അടുത്ത രണ്ടുവര്‍ഷം കൂടി കണ്ടുകൊണ്ടിരിക്കാം. സൗജന്യമാണ് ഷോ. മുല്ലപ്പള്ളിയുടെയും കോടിയേരിയുടെയും നാട്ടില്‍ കടുത്ത അഹിംസാവാദികള്‍ക്കാണ് മുന്‍കൈ. വെട്ടിക്കൊലയില്‍ കുറഞ്ഞതൊന്നും ചെയ്യില്ല. പക്ഷേ, ഇവര്‍ രണ്ടുപേരും ശാന്തജീവികളാണ്. അതുകൊണ്ട് കടുത്ത തട്ടുപൊളിപ്പന്‍ സ്റ്റണ്ടുകളൊന്നും പ്രതീക്ഷിക്കേണ്ട. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന് ഗൗരവമുള്ള ഒരു പരാതിയുണ്ട്. പോലീസ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ വാര്‍ത്തയാകുന്നില്ല, ചര്‍ച്ചയാകുന്നില്ല. തെളിയിക്കാത്ത കേസുകളെക്കുറിച്ചേ ആളുകള്‍ക്ക് പറയാനുള്ളൂ. അതിനെക്കുറിച്ചേ വാര്‍ത്താപരമ്പരകള്‍ രചിക്കപ്പെടുന്നുള്ളൂ. തെളിഞ്ഞ കേസിനെക്കുറിച്ച് മിണ്ടാട്ടമില്ല. വിനയംകൊണ്ട് പറഞ്ഞില്ലെന്നേ ഉള്ളൂ. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹം ഇങ്ങനെയായിരുന്നില്ല. ക്രമസമാധാനം തകര്‍ന്നെന്നു തോന്നിയാലും അങ്ങനെ അടക്കിപ്പറയില്ല. തെളിയാത്ത കേസുകള്‍ തെളിയിക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പിറ്റേന്ന്, തെളിയിച്ച കേസുകള്‍ എണ്ണിപ്പറഞ്ഞ് പോലീസ് ഐ.ജി.ഓഫീസിലേക്ക് അനുമോദനമാര്‍ച്ച് നടത്തുമായിരുന്നു. നാളെ ആഭ്യന്തരമന്ത്രി ആകേണ്ടിവരുമല്ലോ എന്നോര്‍ത്തുകൂടിയാണ് അതു ചെയ്തത്. പത്രക്കാര്‍ക്ക് പിന്നെ അങ്ങനെയൊരു മുന്‍പിന്‍ വിചാരം വേണ്ടല്ലോ. തെളിയാത്ത കേസുകള്‍ പറയുന്നതിനൊപ്പം തെളിഞ്ഞ കേസുകള്‍ കൂടി പരാമര്‍ശിക്കണമെന്ന തത്ത്വം മറ്റു കാര്യങ്ങളിലും ബാധകമാക്കാന്‍ മാധ്യമക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആയിരം തീവണ്ടി ഓടുമ്പോള്‍ ഒന്നാണ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത്. അതു വലിയ വാര്‍ത്തയാക്കും. അപകടം സംഭവിക്കാത്ത മറ്റു 999 വണ്ടികളെപ്പറ്റി മിണ്ടില്ല. ഇതാണോ പത്രധര്‍മം. അതില്‍ സഞ്ചരിച്ച പതിനായിരക്കണക്കിനാളുകളുടെ പട്ടിക പത്രത്തില്‍ കൊടുക്കുകയുമില്ല. എല്ലാ വണ്ടികളും വൈകിയോടുമ്പോള്‍ കൃത്യസമയത്തോടിയ ഒന്ന് വാര്‍ത്തയാകുംപോലെ, ഒരു കേസും തെളിയാത്ത കാലം വന്നാല്‍ തെളിയുന്ന ഒരു കേസ് മുഖ്യവാര്‍ത്തയാകുമായിരിക്കും. കാത്തിരിക്കാം.

indran.npr@gmail.com
കുടുംബക്ഷേമമന്ത്രി



പി.കെ. ശ്രീമതി സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ആരോഗ്യവും സാമൂഹികക്ഷേമവും വകുപ്പുമന്ത്രിയാണ്. ആരോഗ്യവും കുടുംബക്ഷേമവും എന്നാണ് വകുപ്പിന് പേരിടേണ്ടതെന്ന ശക്തമായ വാദമുണ്ട്. സാഹചര്യത്തിനൊത്ത് വകുപ്പിന്റെ പേരുമാറ്റുന്നത് തെറ്റല്ല. അങ്ങനെ കീഴ്‌വഴക്കമുണ്ട്. പണ്ട് കുടുംബാസൂത്രണമെന്നൊരു വകുപ്പുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം കാരണം ജനം ആ പേര് കേട്ടാല്‍ കൊടുവാളെടുക്കുമെന്ന നിലയെത്തിയപ്പോള്‍ ആ ഏര്‍പ്പാടിന്റെ പേര് കുടുംബക്ഷേമം എന്നാണ് മാറ്റിയത്. മന്ത്രിയുടെ കുടുംബക്ഷേമ വ്യഗ്രത പരിഗണിച്ച് വകുപ്പിന്റെ പേരും അതാക്കുന്നതില്‍ തെറ്റ് ഒട്ടുമില്ല.



പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും പെന്‍ഷനായും നല്‍കുന്ന വിപ്ലവാശയത്തിന് തുടക്കംകുറിച്ചതിന്റെ ക്രെഡിറ്റ് ശ്രീമതി ടീച്ചര്‍ക്ക് നല്‍കാനൊക്കില്ല. ഉമ്മന്‍ചാണ്ടിയുടെയും എ.കെ.ആന്റണിയുടെയും അതിനുമുമ്പ് ഇ.കെ.നായനാരുടെയും അതിനുംമുമ്പ് കരുണാകരന്റെയുമെല്ലാം കാലങ്ങളിലൂടെ അതങ്ങനെ വളര്‍ന്ന് വികാസം പ്രാപിക്കുകയായിരുന്നു. ഒന്നോ രണ്ടോ സെക്രട്ടറിമാരുണ്ടായിരുന്ന കാലത്തുനിന്ന് ഒരു വന്‍പ്രകടനത്തിനുള്ള ആള്‍ക്കൂട്ടമായി പേഴ്‌സണല്‍ സ്റ്റാഫ് വളര്‍ന്നതിനുള്ള ബഹുമതിക്ക് ഇവരെല്ലാം തുല്യമായി അര്‍ഹരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇഷ്ടംപോലെഉദ്യോഗസ്ഥന്മാരുണ്ട്. ഒരു പണിയുമില്ലാത്തവര്‍ തന്നെയുണ്ട് ധാരാളം. ഒന്നരഡസന്‍ മന്ത്രിമാര്‍ക്ക് രണ്ടു ഡസന്‍ വീതം പ്രൈവറ്റ് സെക്രട്ടറിമാരെയും അരിവെപ്പുകാരെയും - രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്നായിട്ടുണ്ടല്ലോ - നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് വിളിച്ചുപറഞ്ഞാല്‍മതി. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഉദ്യോഗസ്ഥരെത്തന്നെ കിട്ടും. അതുപോരെന്നാണ് എല്‍.ഡി.എഫ്., യു.ഡി.എഫ്. പക്ഷങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചത്. പാര്‍ട്ടിക്കാര്‍ തന്നെവേണം.



അഞ്ചുവര്‍ഷം പ്രൈവറ്റ് സെക്രട്ടറിയായിരിക്കുന്ന ആള്‍ക്ക് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടാക്കിയത് ഏത് മഹാനുഭാവന്റെ ഭരണകാലത്താണെന്ന് കണ്ടുപിടിക്കാന്‍ തലസ്ഥാനത്തെ മാധ്യമശിങ്കങ്ങള്‍ക്ക് കഴിയുമായിരിക്കും. സര്‍ സി.പി.യാണ് ഇത് പണിതത്, ഇ.എം.എസ്സാണ് അത് ചെയ്തത്, അച്യുതമേനോനാണ് മറ്റേത് ചെയ്തത് എന്ന് പറയാറുള്ളതുപോലെ ഈ മഹാത്മാവിന്റെ പേരും ചരിത്രത്തിന്റെ ചെമ്പോലയില്‍ രേഖപ്പെടുത്തേണ്ടതാണ്. മന്ത്രി സ്റ്റാഫാകാന്‍ ഒരു പരീക്ഷയും പാസ്സാകേണ്ട. അക്ഷരമറിയണമെന്നുമില്ല. രണ്ടുവര്‍ഷം പണിയെടുക്കുകയോ പണിയെടുക്കുന്നുണ്ട് എന്ന്അഭിനയിക്കുകയോ ചെയ്താല്‍ മതി. അത്രയുംകാലം മുന്തിയ ശമ്പളവും ജീവിതാന്ത്യം വരെ പെന്‍ഷനും കിട്ടും. ഗിന്നസ് ബുക്കുകാരും ലിംകക്കാരുമൊക്കെ എന്തെടുക്കുകയാണാവോ... രണ്ടുകൊല്ലം ശമ്പളം വാങ്ങിയാല്‍ ജീവിതാന്ത്യം വരെ പെന്‍ഷന്‍ നല്‍കുന്ന മധുരമനോജ്ഞവ്യവസ്ഥ ഈ കേരളത്തിലുണ്ടെന്ന് എന്തേ അവരിതുവരെ അവരുടെ റെക്കോഡ് കിത്താബില്‍ രേഖപ്പെടുത്തി ലോകത്തെ അറിയിച്ചില്ല? ബി.ബി.സി.യും സി.എന്‍.എന്നും അല്‍ ജസീറയും ഈ മഹാസംഭവം രേഖപ്പെടുത്താന്‍ എന്തേ ഇതുവരെ പാഞ്ഞുവന്നില്ല? ഗിന്നസുകാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയും ഇതിലുണ്ട്. പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം പഴയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍പോലും ഉണ്ടായിട്ടില്ല.



ഒരു ആശയത്തെ ചെറുതായൊന്നു മാറ്റി പല മടങ്ങ് ഫലപ്രദമാക്കുന്നവര്‍ക്കാണ് ഇക്കാലത്ത് വലിയ അംഗീകാരങ്ങള്‍ കിട്ടുന്നത്. ആ നിലയ്ക്ക് നോക്കിയാല്‍ ശ്രീമതി ടീച്ചര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹയാണ്. പാര്‍ട്ടി സെക്രട്ടറിയോ പ്രാദേശികനേതാവോ ശുപാര്‍ശ ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിബന്ധുവിനെ ക്ലാര്‍ക്കോ സെക്രട്ടറിയോ പാചകക്കാരനോ ആക്കുകയാണ് ഇത്രയും കാലം മന്ത്രിമാര്‍ ചെയ്തുപോന്നത്. മകന്റെ ഭാര്യയെയും സഹോദരിയുടെ മകനെയും സ്റ്റാഫായി നിയമിക്കാമെന്ന വിപ്ലവകരമായ കണ്ടെത്തല്‍ ടീച്ചറുടെതാണ്. ഇതിന്റെ ഭാവിസാധ്യതകളെക്കുറിച്ചോര്‍ത്ത് എത്രയെത്ര യു.ഡി.എഫ്. നേതാക്കളുടെ പുത്രഭാര്യമാരും സഹോദരീപുത്രന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകും മനക്കോട്ടകള്‍ കെട്ടുന്നുണ്ടാകും. അമ്മായിയമ്മമാരെ അമ്മിക്കല്ലില്‍വെച്ച് കുത്തിച്ചതയ്ക്കണമെന്ന് പദ്യം ചൊല്ലാറുള്ള പുത്രഭാര്യമാര്‍ ഇനി വിനീതവിധേയരായി ഓച്ഛാനിച്ചുനില്‍ക്കും. അടിപിടിക്കും അടുക്കളപ്പോരിനുമൊന്നും ഒരുമ്പെടുകയില്ല. ഒരിടത്തും സമാധാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒബാമയ്ക്കല്ല, രാഷ്ട്രീയകുടുംബങ്ങളില്‍ അമ്മായിയമ്മപ്പോരുകള്‍ക്ക് അറുതിവരുത്തിയ ശ്രീമതിടീച്ചര്‍ക്കാണ്, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കേണ്ടിയിരുന്നത്.



ശ്രീമതി ടീച്ചറുടെ പരോപകാരങ്ങളെ സ്വജനപക്ഷപാതമായി ചിത്രീകരിക്കുന്നുണ്ട് പാര്‍ട്ടി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റും മറ്റ് തത്പര കക്ഷികളും. സത്യപ്രതിജ്ഞാലംഘനവുമാണത്രേ അത്. ഇതൊക്കെ പൊറുക്കുന്ന ആളാണോ മുഖ്യമന്ത്രി അച്യുതാനന്ദന്‍? ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് മന്ത്രി പുത്രഭാര്യയെ ഈ തരത്തില്‍ നിയമിച്ചിരുന്നതെങ്കില്‍ കഥ കഴിച്ചിട്ടുണ്ടാകുമായിരുന്നു വി.എസ്. അതേ വി.എസ്. ആണ് ശ്രീമതി ടീച്ചറുടെ മരുമകളെയും സഹോദരീപുത്രനെയും നിയമിക്കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഒപ്പിട്ടുകൊടുത്തതെന്ന് ഇപ്പോള്‍ പുറത്തുവന്നരേഖകള്‍ പറയുന്നു. അതിനുള്ള ന്യായം വി.എസ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടാവണം. പൊതുജനമതൊന്നും അറിയേണ്ട കാര്യമില്ല. ബിരുദപരീക്ഷയുടെ ഫലംവന്ന് മാസങ്ങള്‍ക്കകമാണ് ആ സഖാക്കള്‍ ജോലി നേടിയതെന്നത്, പരീക്ഷ പാസ്സായി പതിറ്റാണ്ട് കഴിഞ്ഞിട്ടും ചുമരെഴുത്തും ചങ്ങലപിടിയും അടിപിടിയും മാത്രമായി നടക്കുന്ന സഖാക്കളും അറിയേണ്ട കാര്യമില്ല. പോലീസിന്റെ തല്ലും വര്‍ഗശത്രുക്കളുടെ കുത്തുമേറ്റ് മരിച്ചുവീണ സഖാക്കളുടെ കുടുംബങ്ങളും അതറിയേണ്ടതില്ല.



ഒരുവര്‍ഷം മുമ്പെപ്പോഴോ നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോഴെന്തിന് വാര്‍ത്തയും ലേഖനവും വിവാദവുമുണ്ടാക്കുന്നതെന്ന ന്യായമായ ചോദ്യമുണ്ട്. അസൂയ തന്നെയാണ് കാരണം. പാചകക്കാരി ഗസറ്റഡ് ഓഫീസര്‍ ആയി, പെന്‍ഷന് അര്‍ഹതനേടിയാണ് അന്ന് ജോലിയൊഴിഞ്ഞതെന്ന് കാണിക്കുന്ന രേഖകളും പുറത്തുവന്നിരിക്കുന്നു. ആര്‍ക്കാണ് അസൂയ തോന്നാതിരിക്കുക. ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ മുഖ്യമന്ത്രിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടത് വി.എസ്. പക്ഷക്കാരെന്ന ചീത്തപ്പേരുണ്ടായിരുന്ന കൂട്ടര്‍ തന്നെ. അവരിപ്പോഴും വി.എസ്. പക്ഷത്താണ്, വി.എസ്. പക്ഷേ, ആ പക്ഷത്തില്ലെന്നുമാത്രം.



രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചേരാന്‍ ആളെകിട്ടിയില്ലെന്നോ മറ്റോ കേട്ടു. കടന്നപ്പള്ളിയുടെ പാര്‍ട്ടിയില്‍ അതിനുമാത്രം ആളില്ലാത്തതാവും കാരണമെന്നാണ് ആദ്യം ധരിച്ചത്. അതല്ലത്രേ പ്രശ്‌നം. രണ്ടുകൊല്ലം ഇനി ബാക്കിയില്ലാത്തതുകൊണ്ട് പെന്‍ഷനുള്ള സര്‍വീസ് തികയില്ലെന്നറിഞ്ഞതുകൊണ്ടാണത്രേ അണികള്‍ക്ക് മടുപ്പ്. അബദ്ധം. ആ രണ്ടുകൊല്ലമെന്നത് ഒരു കൊല്ലമാക്കാനാണോ വിഷമം? എ.കെ.ജി.സെന്ററില്‍ നിന്ന് ഒന്നു പറയിച്ചാല്‍ പോരേ, മുഖ്യമന്ത്രിയെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നുറപ്പ്.

                                                               ****


ഇതിനൊക്കെ ഇപ്പോള്‍ റോഡ് ഷോ എന്നാണത്രേ പേര്. ഷോ എന്നതാണ് ഇതിലെ അര്‍ഥവത്തായ പദം. രാഷ്ട്രീയംതന്നെ ഒരു ഷോ ആക്കാം. ദലിത് കുടുംബങ്ങളില്‍ ചെന്ന് ഉറങ്ങുക, വഴിയില്‍ ചായക്കടയില്‍ കേറി ദോശ തിന്നുക, കോളേജില്‍ച്ചെന്ന് ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുക്കുക തുടങ്ങിയവയാണ് ഇതിലെ ചില ഇനങ്ങള്‍.



ഇപ്പോള്‍ ദേശീയതലത്തില്‍ത്തന്നെ ഷോ ബിസിനസ്സില്‍ ഒന്നാംസ്ഥാനത്ത് രാഹുല്‍ജിയാണത്രെ. തികഞ്ഞ തന്മയത്വമാര്‍ന്ന അഭിനയം ആണ് എന്നാണ് കണ്ടവര്‍ പറയുന്നത്. ജനനവശാല്‍തന്നെ ഉയര്‍ച്ചയ്ക്ക് വലിയ സാധ്യതയുള്ള ആളാണ്. വേണ്ടെന്ന് വെച്ച് കാട്ടില്‍പോയൊളിച്ചാല്‍ പോലും കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കില്ല, പിടിച്ചുകൊണ്ടുവന്നു നേതാവാക്കും. അതുകൊണ്ട് പുള്ളിക്കാരന്‍ ബലംപിടിക്കാനൊന്നും പോയില്ല, ചുമ്മാ നിന്നുകൊടുത്തു. പ്രധാനമന്ത്രിയായിട്ടുതന്നെ വേറെ കാര്യം.



തീവണ്ടിയില്‍പോകുകയും ചായക്കടയില്‍കേറുകയുമൊക്കെ ചെയ്യുമെങ്കിലും അത് ചെലവുചുരുക്കാനാണെന്നത് വെറും തെറ്റിദ്ധാരണയാണ്. ചെലവുചുരുക്കുകയല്ല വേണ്ടത്, ചെലവുചുരുക്കുന്നുണ്ടെന്ന് ഷോ കാട്ടുകയാണ്. നേതാവ് കഴിഞ്ഞദിവസം കേരളത്തില്‍ വന്നതും പോയതും പ്രത്യേക വിമാനത്തിലാണത്രെ. കേരളത്തില്‍ ഓടിക്കാന്‍ പ്രത്യേകകാറുകള്‍ വേറെ വിമാനത്തില്‍ കൊണ്ടുവരേണ്ടിവന്നു. എല്ലാറ്റിനും കൂടി അഞ്ചോ പത്തോ കോടി ചെലവായിട്ടുണ്ടാകാം. അമിതാബ് ബച്ചന്റെയൊക്കെ ചില ഷോകള്‍ക്ക് ഇതിനേക്കാള്‍ ചെലവുവരാറില്ലേ? രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കില്ലാത്ത ചെലവാണ് വെറും എ.ഐ.സി.സി. സെക്രട്ടറി വരുത്തിവെക്കുന്നതെന്ന് വിലപിച്ചിട്ടുകാര്യമില്ല. അതൊക്കെ ആയിക്കഴിഞ്ഞവര്‍ക്ക് അവിടെ അമര്‍ന്നിരുന്നാല്‍ മതി, അതാകാനുള്ള പാടൊന്നും അവര്‍ അറിഞ്ഞിട്ടില്ലല്ലോ. ഇത് ഇനം വേറെ. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ പദവികള്‍പോലെ ഭാവി പ്രധാനമന്ത്രി എന്നൊരു ഭരണഘടനാ പദവി സൃഷ്ടിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്.



                                                                             ****


സര്‍ക്കാര്‍ പദ്ധതിക്ക് \'എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും തൊഴില്‍\' എന്ന പേരുപാടില്ലെന്ന് സി.പി.എം. സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചതില്‍ തെറ്റുപറയാനാവില്ല. എല്ലാവര്‍ക്കും വീടും തൊഴിലും നല്‍കാന്‍ ദൈവംതമ്പുരാന്‍ വിചാരിച്ചാലും കഴിയണമെന്നില്ല. ഏഴ് പതിറ്റാണ്ട് കാലം സോഷ്യലിസം നടപ്പാക്കിയ സോവിയറ്റ് യൂണിയനില്‍ കഴിയാത്തത് ഇനി രണ്ടുകൊല്ലം പോലും ഭരണകാലമില്ലാത്ത മന്ത്രിസഭയ്ക്കാണോ കഴിയുക?



മുതലാളിത്തവ്യവസ്ഥയെക്കുറിച്ച് വ്യാമോഹമുണ്ടാകുമെന്നതാണ് പേര് മാറ്റാന്‍ കാരണമെന്ന് മാധ്യമ സൈദ്ധാന്തികര്‍ വ്യാഖ്യാനാത്മക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതൊന്നുമല്ല സാറേ പ്രശ്‌നം. പത്തുടേമില്‍ ഭരണംകിട്ടിയാലും നടത്താന്‍കഴിയാത്ത വാഗ്ദാനംനല്‍കിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സമാധാനം പറയാനാവില്ല. കിട്ടുന്ന വോട്ടും കളയുന്ന ഏര്‍പ്പാടെന്തിന്?





indran.npr@gmail.com

ഞായറാഴ്‌ച, നവംബർ 29, 2009

ഗുണം വട്ടപ്പൂജ്യം

ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് വര്‍ഷം പതിനേഴായി. ആ സംഭവത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരു പേരേ ഉറപ്പിച്ചുപറയാനാവൂ. ജസ്റ്റിസ് ലിബര്‍ഹാന്റെ പേരുമാത്രം. അദ്ദേഹത്തിന്റെ ചുമലിലാണല്ലോ അന്വേഷണഭാണ്ഡം കയറ്റിവെച്ചിരുന്നത്. അന്വേഷിക്കാനും കണ്ടെത്താനും കാര്യമായൊന്നുമുണ്ടായിരുന്നില്ലെങ്കിലും കമ്മീഷന്റെ നടപടിക്രമങ്ങള്‍ ഇരുമ്പുലക്ക പോലെ കടുകട്ടിയുള്ളതാണ്. എത്രയും നേരത്തെ റിപ്പോര്‍ട്ട് നല്‍കണം, കൂടിയാല്‍ മൂന്നുമാസത്തിനകം എന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. മൂന്നുമാസമേയ് ! നിയമിച്ച് മൂന്നുമാസം കഴിഞ്ഞാണ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചതുതന്നെ. ഏതന്വേഷണത്തിനും സിറ്റിങ് ജഡ്ജി വേണമെന്നാണ് എല്ലാവരും ആവശ്യപ്പെടുക. സിറ്റിങ്ങിനാണ് ബലം, റിട്ടയറായാല്‍ ഗൗരവം കുറയും. അതുകൊണ്ട് ലിബര്‍ഹാന്‍ എട്ടുകൊല്ലം സിറ്റിങ് പണിയും കമ്മീഷന്റെ സ്റ്റാന്‍ഡിങ് പണിയും ഒന്നിച്ചാണ് ചെയ്തത്. 2000 ത്തില്‍ റിട്ടയറായ ശേഷമാണ് കമ്മീഷന്റെ പണി അദ്ദേഹം ഗൗരവത്തിലെടുത്തത്. എന്നിട്ടും വേണ്ടിവന്നു ഒമ്പതുവര്‍ഷം. കര്‍സേവകര്‍ ഉച്ചപ്പണി കൊണ്ട് തീര്‍ത്ത അതിക്രമം അന്വേഷിക്കാന്‍ ആകെ 17 വര്‍ഷം. ചെലവ് എട്ടുകോടി, വരവ് പൂജ്യം, ഗുണം വട്ടപ്പൂജ്യം.

ജസ്റ്റിസ് ലിബര്‍ഹാന് ഇനിയും പത്തുകൊല്ലംകൂടി അന്വേഷിക്കണമെന്ന് തോന്നാതിരുന്നതിന് ദൈവത്തെ സ്തുതിക്കാം. അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ത്യാസര്‍ക്കാറിന് മുടക്കമൊന്നുംപറയാന്‍ പറ്റുമായിരുന്നില്ല. കമ്മീഷനെ വഴിക്കുവെച്ച് പിരിച്ചുവിടാന്‍ വകുപ്പില്ല; പകുതിയാക്കിയ പണി മറ്റാരും ഏറ്റെടുക്കുകയുമില്ല. എന്നാലും, ഇത്തരം കാര്യങ്ങളില്‍ അന്വേഷണക്കമ്മീഷന്‍ ആയി നിയോഗിക്കപ്പെടുക അപൂര്‍വമായ ഭാഗ്യം തന്നെയാണ്. ആര്‍ക്കും ഒരു ധൃതിയുമില്ല. ഒരു മോഷണക്കേസ് അന്വേഷിക്കുന്ന കോണ്‍സ്റ്റബിളിന്റെ വേവലാതി പോലും കമ്മീഷനുണ്ടാകേണ്ട കാര്യമില്ല. ഡല്‍ഹിയിലെ ഏതെങ്കിലും പത്രലേഖകനോട് ചോദിച്ചാല്‍ അറിയുന്നതില്‍ കൂടുതല്‍ യാതൊന്നും പുതുതായി കണ്ടെത്താനില്ല. അഞ്ചെട്ട് കോടി ചെലവായെന്നാണ് പത്രറിപ്പോര്‍ട്ടുകളില്‍ കാണുന്നത്. നിസ്സാരസംഖ്യ മാത്രം. റിട്ടയര്‍ ചെയ്ത ശേഷം ഇത്രയുമെങ്കിലും ചെലവാക്കാന്‍ സൗകര്യം കിട്ടുക ചെറിയ സംഗതിയല്ല. സര്‍വീസ് കാലം മുഴുവന്‍ ആകെ ഇതിന്റെ എട്ടിലൊന്നുപോലും ന്യായാധിപന് ചെലവാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

ഡിസംബര്‍ ആറിന് നടന്ന നശീകരണകര്‍മം വാജ്‌പേയിയും
അദ്വാനിയുമൊന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന ഒരു തമാശ പ്രചരിപ്പിക്കുന്നതില്‍ വ്യാജമതേതരക്കാരും പങ്ക് വഹിച്ചതായി സംശയിക്കണം. മസ്ജിദ് കെട്ടിടമല്ല, പപ്പടം പോലും സ്വന്തം ഇഷ്ടത്തിനൊത്ത് പൊടിയാക്കാന്‍ ആര്‍ക്കും ലൈസന്‍സ് കൊടുക്കാത്ത പ്രസ്ഥാനമാണ് സംഘപരിവാര്‍. ക്ഷേത്ര നിര്‍മാണ രക്തരൂഷിത പ്രസ്ഥാനത്തിന്റെ ഒന്നും രണ്ടും ഗുണഭോക്താക്കള്‍ അദ്വാനിയും വാജ്‌പേയിയും ആയിരിക്കുമെന്നറിഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ പിക്ആക്‌സേന്തിയത്. എന്നിട്ടും അവര്‍ രണ്ടുപേര്‍മാത്രം അതറിഞ്ഞിരുന്നില്ലെന്നാണ്് പറയുന്നത്. ഇത് അവര്‍ പാവം മന്ദബുദ്ധികളാണെന്ന് പറയുന്നതിന് തുല്യമാണ്. കൈ നനയാതെ മീന്‍ പിടിക്കുന്നവരെ ആരും മന്ദബുദ്ധികളെന്ന് വിളിച്ചുകൂടാത്തതാണ്.

ഡിസംബര്‍ ആറിന് എന്താണ് നടക്കാന്‍ പോകുന്നതെന്ന് സംഘപരിവാറിലെ ഏറ്റവും താഴെയുള്ള ട്രൗസര്‍ധാരികള്‍ക്കുപോലും അറിയാമായിരുന്നു. പിക്കാസും മണ്‍വെട്ടിയും പരസ്യമായാണ് കടത്തിയത്. അത് കണ്ട കേന്ദ്രരഹസ്യപോലീസ്, തര്‍ക്കപ്രദേശത്ത് വാഴകൃഷി നടത്താന്‍ സംഘപരിവാര്‍ തീരുമാനിച്ചതായുള്ള ഗുരുതര വാര്‍ത്തയായിരിക്കാം കേന്ദ്രആഭ്യന്തരവകുപ്പിന് നല്‍കിയിട്ടുണ്ടാവുക. വാഴകൃഷി തടയാന്‍ സംസ്ഥാനസര്‍ക്കാറിനെ പിരിച്ചുവിടുന്നത് ശരിയല്ല എന്ന് പ്രധാനമന്ത്രി നരസിംഹറാവുവിന് നിയമോപദേശവും ലഭിച്ചിട്ടുണ്ടാവാം. ലിബര്‍ഹാന്‍ കമ്മീഷന്റെ നിഗമനങ്ങളില്‍ ഒറിജിനാലിറ്റിയുള്ള വേറൊന്നും കണ്ടതായി ആരും പറഞ്ഞുകേട്ടില്ല.

സംഘപരിവാറിന്റെ അയോദ്ധ്യ സാഹസം തടയണമെങ്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പിരിച്ചുവിടുകയും അയോധ്യയില്‍ പട്ടാളത്തെ ഇറക്കുകയും ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്ന് നരസിംഹറാവുവിന് തോന്നിയിരിക്കാം. വെടിയില്‍ കുറഞ്ഞ ഏര്‍പ്പാടൊന്നും പട്ടാളത്തിന് നിശ്ചയമില്ലാത്ത നിലയ്ക്ക് പത്തോ അഞ്ഞൂറോ കര്‍സേവകരെ വെടിവെച്ചുവീഴ്‌ത്തേണ്ടി വന്നേക്കാം. എന്നാലും മസ്ജിദ് രക്ഷിക്കാന്‍ കഴിയണമെന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്വര്‍ഗം കിട്ടിയ സന്തോഷമാകുമായിരുന്നു സംഘപരിവാറിന്. ഭരണം അവരെ ഏല്‍പ്പിച്ച് റാവുവിന് രാജ്യം വിടാമായിരുന്നു. അതെല്ലാം ഒഴിവാക്കിയ ചാണക്യനാണ് റാവു എന്ന് കോണ്‍ഗ്രസ്സുകാര്‍ രഹസ്യം പറയുന്നത് വെറുതെയല്ല. തിരഞ്ഞെടുപ്പാഘാതത്താലും ആഭ്യന്തരകലഹത്താലും അര്‍ദ്ധപ്രാണനായി കഴിഞ്ഞിരുന്ന ബി.ജെ.പി.ക്ക് ഒന്ന് തലപൊക്കാന്‍ ലിബര്‍ഹാന്‍ കൈത്താങ്ങായി. പക്ഷേ, അയോദ്ധ്യക്ക് പഴയ വീര്യമില്ല. ഏത് ഒറ്റമൂലിക്കുമുണ്ടാകുമല്ലോ ഒരു എക്‌സ്പയറി ഡേറ്റ്.

                                                                     *****
പാര്‍ട്ടി പത്രവും വാണിജ്യപത്രം തന്നെയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞതിന്റെ എഴുതാപ്പുറം വായിക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ ശ്രമിക്കേണ്ട. കാശ് കിട്ടുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ പരസ്യംപോലും പാര്‍ട്ടിപത്രം കൊടുക്കുന്നുണ്ടെന്നാണ് ഐസക് മന്ത്രി എടുത്തുപറഞ്ഞത്. ഏത് കേന്ദ്രസര്‍ക്കാറിന്റെ പരസ്യം ? മന്‍മോഹന്‍സര്‍ക്കാറിന്റെ മാത്രമല്ല, വാജ്‌പേയ് സര്‍ക്കാറിന്റെ ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യം തന്നെയും കൊടുത്തിട്ടുണ്ട്. അതിലപ്പുറം വരുമോ എമ്പ്രാന്റെയും തമ്പ്രാന്റെയും മാര്‍ബിള്‍ ?

സമൂഹത്തിന്റെ വികാസനിയമങ്ങള്‍ പോലെ പത്രത്തിനും വികാസ നിയമങ്ങളുണ്ട്. പാര്‍ട്ടിപത്രം വാണിജ്യപത്രം എന്ന നിലയിലേക്ക് വികസിക്കുമ്പോഴാണ് ഉള്ളടക്കത്തിന്റെ ശരിയും തെറ്റും നോക്കാതെ കാശുമാത്രം നോക്കി പരസ്യം കൊടുക്കുക. നികുതിവെട്ടിപ്പുകാരില്‍ നിന്ന് കള്ളപ്പണം സംഭാവന വാങ്ങിയെന്നുമിരിക്കും. എല്ലാം ആശാസ്യമായ വാണിജ്യഇടപാടുകള്‍ തന്നെ. പാര്‍ട്ടി പത്രം വാണിജ്യപത്രം എന്ന നിലയില്‍ നിന്ന് ഒരടികൂടി മുന്നോട്ടുപോകുമ്പോഴാണ് ബൂര്‍ഷ്വാപത്രങ്ങളുടെ വേറെ ചില സ്വഭാവങ്ങള്‍ ആര്‍ജിക്കുക. പ്രചാരത്തിന്റെ കണക്കുപറച്ചിലാണ് അതിലൊരു അസുഖം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വോട്ടിന്റെ കണക്ക് വിട്ട് ശതമാനക്കണക്കെടുത്തിട്ട് ജയം അവകാശപ്പെടും പോലെ. ശതമാനത്തിലും തോല്‍വിയാണെങ്കില്‍ മുന്‍തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ദ്ധിച്ചതിന്റെ ശതമാനക്കണക്ക് പറയുംപോലെ.... സര്‍ക്കുലേഷന്‍കണക്കിലും രക്ഷയില്ലെങ്കില്‍ വായനക്കാരുടെ എണ്ണം കൂടിയതായി സര്‍വെഫലം എഴുതി തൃപ്തിപ്പെടാം. അംഗീകൃതസ്ഥാപനങ്ങളുടെ സര്‍വെകളിലൊന്നും പത്രത്തെക്കുറിച്ച പരാമര്‍ശം പോലും ഇല്ലെങ്കില്‍ സ്വന്തമായൊരു സ്ഥാപനം സങ്കല്‍പ്പത്തില്‍ ഉണ്ടാക്കി കണക്കുപറയാം. എല്ലാം തെളിയിക്കുന്നത് ഒന്നുമാത്രം. പാര്‍ട്ടിപത്രവും വാണിജ്യപത്രംതന്നെ.

പാര്‍ട്ടിപത്രപ്രചാരം ഈ തോതില്‍ കുത്തനെ ഉയര്‍ന്നാല്‍ സംഗതി ബുദ്ധിമുട്ടാകും. വാണിജ്യപത്രം എന്ന ഘട്ടവും പിന്നിട്ട് പാര്‍ട്ടിപത്രം കുത്തകപത്രമായിക്കളയും. അതപകടമാണ്. കൂടൂതല്‍ പേര്‍ വായിക്കുന്നു എന്നതുമാത്രമാണല്ലോ കുത്തകപത്രം എന്നുവിളിക്കപ്പെടാനുള്ള അയോഗ്യത. അല്ലാതെ കേരളത്തില്‍ ടാറ്റയും ബിര്‍ലയും റിലയന്‍സുമൊന്നും കേരളത്തില്‍ പത്രം നടത്തുന്നില്ല. തൊഴിലാളിവര്‍ഗപത്രം കുത്തകപത്രമായി മാറിയാല്‍ അത് വ്യാഖ്യാനിക്കുന്നതിനുള്ള സിദ്ധാന്തമുണ്ടാക്കുന്ന പണിയും ഐസക് മന്ത്രിതന്നെ ഏറ്റെടുക്കേണ്ടി വരും. വേറെ പ്രശ്‌നമൊന്നുമില്ല.

                                                         ******

മുതലാളിത്തം മരണക്കിടക്കയില്‍ ചക്രശ്വാസം വലിക്കുകയാണ്. സ്ഥിതി നിയന്ത്രണാധീനം, സൂക്ഷിച്ചുനോക്കിയാല്‍ ശ്വാസമുള്ളതായി ബോധ്യപ്പെടും എന്നെല്ലാം മുതലാളിത്തത്തിന്റെ മൂടുതാങ്ങികള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും വിശ്വസിക്കേണ്ട കേട്ടോ. ആഭ്യന്തരവൈരുദ്ധ്യം മൂര്‍ച്ഛിച്ച് മുതലാളിത്തം തകര്‍ന്നടിയുമെന്ന് കിത്താബില്‍ പറഞ്ഞിട്ടുണ്ട്. എന്ത് തെറ്റിയാലും കിത്താബ് തെറ്റുന്ന പ്രശ്‌നമില്ല.

അതിനിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭൂഗോള സമ്മേളനം നമ്മുടെ തലസ്ഥാനത്ത് ചേര്‍ന്നത്. 48 രാജ്യങ്ങളില്‍ നിന്നുള്ള 56 തൊഴിലാളിവര്‍ഗപാര്‍ട്ടികളുടെ ഘഡാഘടിയന്‍ നേതാക്കള്‍ ആഗോള മുതലാളിത്ത പ്രതിസന്ധിക്കിടയില്‍ ഒരിടത്തുസമ്മേളിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക ? ഇപ്പംചാവും എന്ന അവസ്ഥയിലുള്ള മുതലാളിത്തത്തെ അതിന്റെ കഴുത്തില്‍ ചില്ലറ കൈക്രിയ പ്രയോഗിച്ചോ അല്ലെങ്കില്‍ ഊക്കോടെ ഒരുചവിട്ട് കൊടുത്തോ കഥ കഴിക്കും, അല്ലാതെന്ത് ? എന്നാല്‍ അതൊന്നുമല്ല സംഭവിച്ചിരിക്കുന്നത്. മുതലാളിത്തത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം അത്യടിയന്തരചികിത്സാമുറകളാണ് സ്വീകരിക്കേണ്ടത്, എന്തെല്ലാം ഒറ്റമൂലികളാണ് പ്രയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളടങ്ങിയ കുറിപ്പടികളാണ് കമ്യൂണിസ്റ്റ് വൈദ്യന്മാര്‍ വെച്ചുനീട്ടിയിരിക്കുന്നത്. മുതലാളിത്തത്തിന്റെ രോഗംമാറ്റാന്‍ മുതലാളിത്തവൈദ്യന്മാരേക്കാള്‍ യോഗ്യന്മാര്‍ കമ്യൂണിസ്റ്റ്് വൈദ്യന്മാര്‍തന്നെയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ലാര്‍ക്കും.


ഓഹരിക്കച്ചവടത്തിന് നികുതിയേര്‍പ്പെടുത്തുക, ജനങ്ങള്‍ക്ക് ഗുണംലഭിക്കുന്ന സാമ്പത്തിക പാക്കേജ് നടപ്പാക്കുക, പൊതുനിക്ഷേപം നടത്തുക, പ്രതിസന്ധിതീര്‍ക്കാന്‍ മുതലാളിത്തത്തിന്റെ അകത്തുതന്നെയുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെപോകുന്നു പ്രിസ്ക്രിപ്ഷനിലെ ഐറ്റങ്ങള്‍. മുമ്പെല്ലാം സി.പി.ഐ.മോഡല്‍ വലതു റിവിഷനിസ്റ്റകള്‍ മാത്രമേ ഈ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളൂ. ഇപ്പോള്‍ വിപ്ലവ സി.പി.എമ്മും സ്വീകരണക്കമ്മിറ്റിയിലുണ്ട്. അതിന്റെ ഗുണം കാണാനുമുണ്ട്...

                                                             ******

കെ.എസ്.യു.വില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിയവര്‍ ഇപ്പോള്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ലിങ്‌ഡോവിന് നന്ദി പറയുകയാണ്. വേണമെങ്കില്‍ തേങ്ങ വേരിലും കായ്ക്കും, ഇലക്ഷന്‍ കെ.എസ്.യു.വിലും നടക്കും.

കോണ്‍ഗ്രസ്സിലും അതിന്റെ പോഷക സംഘടനകളിലും ഗൂപ്പിസം ഇല്ലാതാക്കാന്‍ ദൈവംതമ്പുരാനുപോലും കഴിയില്ലെന്ന് ബോധ്യംവന്നതിന്റെ അടിസ്ഥാനത്തില്‍ നൂതനമായ ഒരു സ്ഥാനവിഭജന ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. റോഡില്‍കണ്ടാല്‍ കുത്തിമലര്‍ത്തുകയും തുണിയുരിയുകയും ചെയ്യുന്ന പഴയ രീതി തുടരാതെതന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പറയുന്നത്. എന്തതിശയമേ... രാഹുലിന്‍നാമം എത്ര മനോഹരമേ...

പുതിയ ഫോര്‍മുലയനുസരിച്ച് കൂടുതല്‍ വോട്ട്കിട്ടുന്ന ഗ്രൂപ്പുകാരന് പ്രസിഡന്‍ാകാം, അതില്‍ കുറഞ്ഞാല്‍ വൈസ് പ്രസിഡന്റാകാം, പിന്നെയും കുറഞ്ഞാല്‍ സിക്രട്ടറിയാകാം. അങ്ങിനെയാണ് ഗ്രൂപ്പുകളുടെ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ്, മൂത്ത കോണ്‍ഗ്രസ് എന്നിവയിലും ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണ്. രാജ്യത്താകമാനം തിരഞ്ഞെടുപ്പുനടത്തുന്നതിനേക്കാല്‍ പ്രയാസമാണ് കെ.എസ്.യു.വില്‍ സംഗതി സാധിച്ചെടുക. അതില്‍ വിജയിച്ചാല്‍ ലിങ്‌ഡോവിന് രാഹുല്‍ജി ഇടപെട്ട് പത്മഭൂഷണോ മറ്റോ വാങ്ങിക്കൊടുത്താലും ദോഷം പറയാനാവില്ല.

Indran.npr@gmail.com